Related Posts with Thumbnails

Tuesday, December 18, 2007

തിളക്കമില്ലാത്ത മുംബൈ #02 (തീര്‍ന്നു!)

മുംബൈയുടെ സ്വന്തമാണ് വിഗ്നേശ്വരന്‍. മുംബൈയുടെ ഉത്സവം ഗണേശ ഉത്സവവും. വിനായകചതുര്‍ത്ഥിയോടനുബന്ധിച്ചു നടക്കുന്ന ഉത്സവത്തിനുവേണ്ടി വളരെ നാളുകള്‍ക്കു മുന്‍പുതന്നെ മുംബൈ തയ്യറെടുക്കുന്നു.കച്ചവടക്കാര്‍ക്കും രാഷ്ടീയക്കാര്‍ക്കും ഒരു മുതലെടുപ്പിന്റെ വേദിയാണ് ഗണേശ‌ഉത്സവം. അതിന്റെ ആദ്യപടിയാണ് പ്ലാസ്റ്റിക് കവറുകളില്‍ കടകളില്‍ നിരന്നിരിക്കുന്ന ഗണപതി.
ഗണപതി ബപ്പ മോറിയ!
ജനബാഹുല്യമേറുമ്പോള്‍ കാലുകുത്താനുള്ള മണ്ണ് പോരാതെ വരുന്നു. ആകാശം മുട്ടുന്ന അടുക്കിവയ്പ്പ് ജീവിതത്തിനും എവിടെയൊക്കെയോ പരിധികളുണ്ടാകുന്നു. പ്രകൃതിയെ തോല്‍പ്പിക്കലാണ് പിന്നെ അടുത്തവഴി. കടലില്‍ മണ്ണിട്ട് ഭൂമിയാക്കുന്നു. അവിടെ കുടിവയ്പ്പ് നടത്തുന്നു. അവിടേയും അബരചുംബികള്‍ തങ്ങളുടെ കൂര്‍ച്ചുണ്ട് മുകളിലേക്കുയര്‍ത്തുന്നു. റീക്ലമേഷന്‍ എന്ന വാക്ക് മുംബൈക്കാര്‍ക്ക് വളരെ പരിചിതമാണ്. ബാന്ദ്രയിലെ റീക്ലമേഷന്‍ ലാന്റ് ആണ് ചിത്രത്തില്‍. ഒരു മുനമ്പില്‍ മണ്ണിട്ട് ഭൂമിവലുതാക്കുമ്പോള്‍ മറുവശത്തുകൂടി പാലം കെട്ടി ഒന്നിപ്പിക്കുന്നു. കൈകള്‍ കോര്‍ത്ത് കടലിനെ തോല്‍പ്പിക്കുന്നു. നവി മുംബൈ ഒക്കെ ഇത്തരത്തില്‍ വളര്‍ന്നതാണ് എന്നാണ് ടാക്സിക്കാരില്‍ നിന്നുള്ള കേട്ടറിവ്.
കൌതുകമുണത്തുന്ന കാഴ്ചയാണിത്. എല്ലാ റിക്ഷാകളിലും തൊട്ടാല്‍ പൊട്ടുന്ന ബോംബുപോലെയാണ് ട്രിപ്പ് മീറ്റര്‍ ഘടിപ്പിച്ചിട്ടുള്ളത്. ചില റിക്കുകളില്‍ അതിനേക്കാള്‍ വേഗത്തില്‍ ഓടുന്ന ട്രിപ്പ് മീറ്ററുകള്‍ ആണ്. അതോര്‍ക്കുമ്പോള്‍ അങ്ങനെ എഴുതി ഒട്ടിക്കുന്നതില്‍ അതിശയമില്ല. എങ്കിലും കൊച്ചിയുടെ അത്രയും ഭയാനകമായ ബോംബല്ല മുംബൈ മീറ്ററുകള്‍.
വെസ്റ്റ് ബാന്ദ്രയിലെ ലിങ്കിങ് റോഡ് ആണിത്. ഇന്ത്യയുടെ പുതിയൊരു സംസ്കാരം ഇവിടെ മുഖത്തോട് മുഖം നോക്കി പരസ്പരം കവിള്‍ മിനുക്കുന്നു. കെ എഫ് സി യും മക്‍ഡോണള്‍ഡ്സും. അവിടേയും ഇവിടേയും ഇരിക്കുന്നവര്‍ക്ക് പരസ്പരം കാണാം.
മുകളില്‍ പറഞ്ഞ രണ്ടു സംസ്കാരവും മുഖം തിരിക്കുന്നത് എന്നും ഇവര്‍ക്കു നേരേയാണ്.
അടുത്ത ഇന്ത്യന്‍ തലമുറയിലെ തന്നെ രണ്ടുമുഖങ്ങളില്‍ ഒന്നിനെ ഒക്കത്തും ഒന്നിനെ ഒപ്പവും കൂട്ടി കെ എഫ് സിയുടെ മുന്നില്‍ കൈനീട്ടുന്ന സ്ത്രീ. അതിന്റെ മുന്നിലെ കെ എഫ് സിയുടെ കോര്‍പ്പറേറ്റ് നിറമായ മഞ്ഞയും ചുവപ്പും ടൈലുകള്‍ പാകിയ നടപ്പാതയില്‍ പോലും കൈനീട്ടാനുള്ള സ്വാതന്ത്ര്യം ഇവര്‍ക്ക് നിരസിച്ചിരിക്കുന്നു. അവരുടെ കൈകള്‍ക്കും കണ്ണുകള്‍ക്കും നേരേ സെക്കൂരിറ്റിക്കാരന്റെ മുളവടികള്‍ നീണ്ടു ചെല്ലുന്നു.

തങ്ങള്‍ക്കെതിരെ വടിയോങ്ങുന്നവര്‍ക്കെതിരെ ആ അമ്മ മുഖം തിരിച്ചപ്പോഴും തനിക്ക് മനസിലാകാത്ത സംസ്കാരത്തെ തനിക്കു പാകമാകത്ത ഉടുപ്പിന്റെ ഉള്ളില്‍ പകയോടെ നോക്കി നില്‍ക്കുന്ന ആ കുഞ്ഞന്‍ വളര്‍ന്നുവരുന്നത് ജീവിക്കാനുള്ള ഒരു ചെറുത്തുനില്‍പ്പിന്റെ നിഴലിലാണ്. ഇന്നത്തെ മുംബൈ അവനെ എന്താക്കും എന്ന് ചിന്തിക്കുക അസാദ്ധ്യം. അവന്റെ തിളക്കം വറ്റിയ കണ്ണുകള്‍ക്ക് മുന്നില്‍ എന്റെ മുംബൈ കാഴ്ചകള്‍ അവസാനിക്കുകയാണ്.

നന്ദി.

(തിളക്കമില്ലാത്ത മുംബൈ #01 ഇവിടെ കാണാം)

Monday, December 03, 2007

തിളക്കമില്ലാത്ത മുംബൈ #01

കണ്ടാല്‍ തീരാത്തതാണ് മുംബൈ. നരിമാന്‍ പോയിന്റും കൊളാബയും മറൈന്‍ ഡ്രൈവും ഒക്കെയായ നഗരചിത്രത്തിന്റെ തിളക്കത്തിനും ജൂഹുവിന്റെ വിശാലതയ്ക്കും അപ്പുറമാണ് മുംബൈ ‘ജീവിക്കുന്നത്’. അതു കാണാന്‍ എന്റെ ഈ രണ്ടുകണ്ണും പിന്നെ ഡിജിറ്റല്‍ ലെന്‍സ് വച്ച മൂന്നാമത്തെ കണ്ണും പോരാ.

എങ്കിലും പലപ്പോഴായി കണ്ടതില്‍ നിറമധികം ഇല്ലാത്തതിന്റെ നേരേ മാത്രം ലെന്‍സ് തിരിക്കാന്തോന്നി. അതില്‍ ചിലതൊക്കെ ഇവിടെ പതിക്കാം.


രാത്രിയാണ് മുംബൈയുടെ ജീവന്‍. (പണ്ടൊക്കെ കൂടുതലും ജീവനെടുക്കലായിരുന്നു). രാത്രിയുടെ ജീവനും അതിന്റെ മിടിപ്പും എന്നു പറയുന്നത് മഞ്ഞത്തൊപ്പിവച്ച കറുത്ത ഫിയറ്റ് ടാക്സികളും‍.
ലോണ്‍‌ലി പ്ലാനറ്റുകാരുടെ “ഇന്ത്യ” എന്ന പുസ്തകത്തില്‍ അവര്‍ പലപ്പോഴും ഇന്ത്യയുടെ ഐക്കണായി അലഞ്ഞുനടക്കുന്ന ‘സ്വാമി’ മാരെ കാണിക്കും പോലെ ഉപയോഗിക്കപ്പെടുന്ന ഒരു ഐക്കണ്‍ ആണ് ഈ ടാക്സികള്‍.
ഉള്ളില്‍ ഒരുപാട് പ്ലാസ്റ്റിക് പൂക്കളൊക്കെ നിരത്തിവച്ച ഫീയറ്റുകളില്‍ വിലകുറഞ്ഞ പൌഡറിന്റേയും സുഗന്ധദ്രവ്യങ്ങളുടെയും ഗന്ധം തടവുകിടക്കുന്നുണ്ടാവും എപ്പോഴും. പിന്നിലെ ഗ്ലാസില്‍ അത് ഓടി നടക്കുന്ന സ്ഥലങ്ങള്‍ എഴുതിവച്ചിരിക്കും, നവി മുംബൈ - പന്‍‌വേല്‍ - താനെ - ദാദര്‍ എന്നിങ്ങനെ.
നമ്മുടെ നാട്ടില്‍ഫിയറ്റുകള്‍ ഒരു കാണാക്കനിയായി മാറുമ്പോള്‍ മുംബൈയില്‍ മാത്രം എങ്ങനെ വരുന്നു ഇത്രയും ഫിയറ്റുകാറുകള്‍ എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. തെരുവുപിള്ളേര്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കാണുന്ന മുംബൈ ഐക്കണ്‍ ഫിയറ്റു കാര്‍ തന്നെ!


മുംബൈ തെരുവുകളിലെ ജൂസു ഗ്ലാസുകളില്‍ പൊട്ടിവീണ് തണുപ്പാകാന്‍ തയ്യാറായി ധാരാവിയുടെ തെരുവില്‍ തണുത്തുറഞ്ഞ സൈക്കിളില്‍ ഇരിക്കുന്നവന്‍. പുറം ലോകം അറീയുന്ന അധോലോക സിനിമാ ഡയലോഗുകള്‍ക്കും അപ്പുറം ഒരു വലിയ ലെതര്‍ മാര്‍ക്കറ്റ്കൂടിയാണ് ധാരാവി. ഏത് ബ്രാന്റായാലും ലുക്കിലും ക്വാളിറ്റിയിലും അതിനെ വെല്ലുന്ന ഡ്യൂപ്ലിക്കേറ്റ് ഇവിടെ ലഭിക്കും. നമുക്ക് ഇഷ്ടമായ ഒരു ബാഗിനു അവര്‍ ആദ്യം 2000 രൂപാ എന്നു പറഞ്ഞാല്‍ നമ്മള്‍ 700 പറയണം ഒടുവില്‍ 800 നോ 900 നോ വാങ്ങി പോരാം. അതിനേ കാളും താഴ്ന്ന വിലയില്‍ വാങ്ങുന്ന മിടുക്കന്മാരും ഉണ്ട്. ധാരാവിയുടെ പകല്‍-സന്ധ്യ ജീവിതത്തില്‍ മാത്രമാണ് ഈ തുകല്‍ വ്യാപാരം. രാത്രി ധാരാവിക്കു മറ്റൊരു രൂപമാണ്.


നിയോണ്‍ ലൈറ്റുകള്‍ ആണ് മുംബൈയുടെ രാത്രിവരകള്‍. മഴയുള്ള രാത്രിയില്‍ കാറിനുള്ളില്‍ കുറച്ചു സമയം ക്യാമറ ഷട്ടര്‍തുറന്നുവച്ചെടുത്തത്. എന്റെ കയ്യുടെയും കാറിന്റേയും കുലുക്കം ആ വരകളില്‍ തിരിച്ചറിയാം. മഴയെ കുറിച്ച് പറയാന്‍ മറന്നു, ഒരുമണിക്കൂര്‍ തുടര്‍ച്ചയായി മഴപെയ്താല്‍ മുംബൈക്കാരുടെ മനസു പിടയും.

മുംബൈയുടെ നഗര പടത്തില്‍ നിന്നും മായ്ച്ചുകളയാനാകാത്ത ഒന്നാണ് ജുഗ്ഗികള്‍. പ്ലാസ്റ്റിക് ഷീറ്റും കല്ലും മണ്ണും കൊണ്ടു വെയിലും മഴയും തടുത്ത് ഒരു സമൂഹം ഇവിടെ ഇവിടെ തഴച്ചുവളരുന്നു. മാഹിമിലും ജൂഹുവിലും ധാരാവിയിലും ദാദറിലും എന്നു വേണ്ട, വിമാനതാവളത്തിന്റെ ചുറ്റുമതിലിനോട് ചേര്‍ന്നു തന്നെ ഈ കുടിലുകള്‍ കാണാം. മേല്‍ക്കാണുന്ന ചിത്രം ബാന്ദ്രയിലേതാണ്. മുംബൈയുടെ നഗര ജീവിതത്തില്‍ ഈ സമൂഹത്തിലെ പൌരന്മാരുടെ പങ്ക് വളരെ വലുതാണ്.


കാറിന്റെ വിന്റോയിലേക്ക് നീങ്ങിവരുന്ന നിറമുള്ള പുക്കളും അതിന്റെ പിന്നില്‍ നിറം വറ്റിയ മുഖവും കാണാം. നമ്മള്‍ വെറുതെ ആ പൂവിലേക്ക് നോക്കിയാല്‍ ആ മുഖത്ത് പ്രതീക്ഷയുടെ നിറം ഒരു നിമിഷം പടരും. ട്രാഫിക് ഐലന്റുകളില്‍ ഇത്തരം പ്രതീക്ഷയുടെ കച്ചവടം വളരെ ശക്തമാണ്. പുക്കളായും ദൈവങ്ങളായും ദേശീയ പതാകയായും ഒക്കെ.


ഉച്ചത്തില്‍ സംഗീതവും ബഹളങ്ങളും ഒക്കെ ഉയരുന്ന സ്പോര്‍ട്സ് ബാറുകളും പബ്ബുകളും മുന്തിയ ഭക്ഷണശാലകളും ഒക്കെ മാറ്റി നിര്‍ത്തിയാല്‍ ഇതുപോലെയുള്ള വൃത്തിയും വെടിപ്പും ഉള്ള ചെറുകിട ഭക്ഷണശാലകള്‍ ഒരുപാടുണ്ട്. ഇത് ചര്‍ച്ച് ഗേറ്റിനടുത്ത് വീര്‍ നരിമാന്‍ റോഡിലുള്ള ‘സ്റ്റേഡിയം’ എന്ന ഇറാനിയന്‍ റെസ്റ്റോറന്റിലെ തീന്‍ മേശയാണ്. ബ്രഡും ബണ്ണും, നന്നായി പൊടിച്ചിട്ട ചിക്കനും ഗ്രീന്‍ പീസും ചേര്‍ത്തുള്ള കറിയും. ബ്രേക്ക് ഫാസ്റ്റിനും ലഞ്ചിനും ഇടയ്ക്കുള്ള സമയം. (മൊബൈലില്‍ എടുത്ത ചിത്രമാണ്). ബ്രഡ് ആ എരിവുള്ള കറിയില്‍ മുക്കി നാവിലേക്ക് വയ്ക്കു. കഴിച്ചു കഴിയുമ്പോള്‍ യാത്ര തുടരാന്‍ തോന്നിയാല്‍ തുടരാം..

Wednesday, November 28, 2007

ശൂ.... എന്ന ശബ്ദം.

ഉറവകള്‍ ഏതൊക്കെയോ വരണ്ടു.
നീരൊഴുക്ക് നിലച്ചു.
ഏച്ചുകെട്ടിയിരിക്കുന്ന ടാപ്പ് തുറന്നാല്‍
ശൂ എന്ന ശബ്ദം മാത്രം.

കുറിപ്പ് : മേല്‍ പറഞ്ഞതുമായി ജീവിച്ചിരിക്കുന്നതോ മരിച്ചതോ ആയ എന്റെ ബ്ലോഗുകളുമായി സാദൃശ്യം തോന്നുന്നെങ്കില്‍ അത് യാദൃച്ഛികമല്ല, സത്യം തന്നെയാണ്.

Wednesday, October 31, 2007

മുഖങ്ങള്‍ #04 സൈക്കിളിനൊപ്പം!

സദാശിവന്‍ എന്നാണ് ശരിക്കുള്ള പേര്. പക്ഷെ അങ്ങനെ പറഞ്ഞാല്‍ ഞങ്ങളുടെ നാട്ടില്‍ പലര്‍ക്കും അറിയില്ല. ഞങ്ങള്‍ക്കൊരു വിളിപ്പേരുണ്ട്. അത് ഞങ്ങള്‍ ഇഷ്ടത്തോടെ വിളിക്കുന്നതാണ്. ഞങ്ങള്‍ നെടുമങ്ങാട്ടുകാര്‍ക്കുമാത്രം അവകാശപ്പെട്ട വിളിപ്പേരാണ്. അതുകൊണ്ട്തന്നെ പുറം ലോകം അവര്‍ വിളിക്കുന്ന ‘മേസ്തിരി‘ എന്നറിഞ്ഞാല്‍ മതി.


ഞാന്‍ കണ്ടുതുടങ്ങിയ കാലം മുതല്‍ ഈ മേസ്തിരിക്ക് ഒരു എക്സ്ട്രാ അവയവംപോലെ തന്നെ ഈ സൈക്കിള്‍ ഉണ്ട്. അതുകൊണ്ടുതന്നെ സൈക്കിള്‍ ഇല്ലാതെ ഒരു ചിത്രമെടുക്കുക എന്നത് എന്നെ സംബന്ധിച്ചിടത്തോളം അസാധ്യവും അപൂര്‍ണ്ണവുമായ ഒരു ക്ലിക്കായി പോകും. അതിന്റെ ഹാന്റിലില്‍ പിടിക്കാതെ നില്‍ക്കുക എന്നത് മേസ്തിരിക്കും ബുദ്ധിമുട്ടുള്ള കാര്യമാണ്.


എന്റെ കുട്ടിക്കാലത്ത് ഞങ്ങടെ വീടിനു മുന്നിലുള്ള കയറ്റം (ഞങ്ങളുടെ ഭാഷയില്‍ ‘തേരി’) സൈക്കിളില്‍ ഇരുന്നു തന്നെ ചവിട്ടികയറുമായിരുന്നു മേസ്തിരി. തിരികെ വരുമ്പോള്‍ ആ ഇറക്കം സൈക്കിളിന്റെ ഹാന്റിലില്‍ ഒരു കൈവിട്ടും ചിലപ്പോള്‍ രണ്ടു കൈവിട്ടും മേസ്തിരി ഞങ്ങളുടെ ആരാധനാ പാത്രമാകും. ഇന്നും ആ പെര്‍ഫോര്‍മന്‍സിനു ഇളക്കമില്ല.


‘റേഡിയോ-കാലഘട്ടത്തില്‍’ ടെക്നിക്കലി വളരെ അപ്‌ഡേറ്റഡ് ആയിരുന്നു മേസ്തിരി. വിവിധഭാരതി കിട്ടുന്നില്ലെങ്കില്‍ അതിന്റെകാരണഭൂതമായി സര്‍ക്യൂട്ട് ബോര്‍ഡില്‍ ഇരുന്ന് ‘കിറുകിറുക്കണത്’ എന്താണെന്ന് മേസ്തിരിക്ക് അറിയാം. നന്നായി ചൂടാക്കിയാല്‍ സോള്‍ഡറിങ് അയണ്‍ എന്ന ആയുധത്തെ വെല്ലുന്ന ഉപകരണങ്ങള്‍ മേസ്തിരിയുടെ കയ്യിലുണ്ടായിരുന്നു അന്ന്. എത്ര ബുദ്ധിമുട്ടിയാലും ‘വിവിധഭാരതി‘ യില്‍ നിന്നും പാട്ടുവച്ചിട്ടേ മേസ്തിരിക്ക് വിശ്രമമുണ്ടാകൂ.
എന്തിലും സശയങ്ങള്‍ ചോദിച്ച് സ്വയം അപ്‌ഡേറ്റ് ചെയ്യുന്ന സ്വഭാവക്കാരന്‍. (അതിനു മുന്‍പ് തന്റെ ‘സ്വയം ശ്രമങ്ങളും‘ പരീക്ഷണങ്ങളും മുഴുവനും നടത്തിയിരിക്കും) അറിവിനോടുള്ള ദാഹമായിട്ടാണ് എനിക്ക് പലതും തോന്നിയിട്ടുള്ളത്.


ഞങ്ങള്‍ക്ക് പ്രിയപ്പെട്ടവനായ ഈ മനുഷ്യനെ അദ്ദേഹത്തിനു പ്രിയപ്പെട്ട സൈക്കിള്‍ അടക്കം ഞാന്‍ എന്റെ ബ്ലോഗ് ചുമരില്‍ പതിക്കുന്നു, സന്തോഷത്തോടെ!

Friday, October 26, 2007

ഊട്ടുപുരയുടെ നാലുകെട്ടില്‍.

ആലപ്പുഴയില്‍ നിന്ന് ചേര്‍ത്തലയ്ക്കു വരുന്ന വഴിയില്‍ ഇടതുവശത്തായി കാണാം ട്രാവങ്കൂര്‍ പാലസ്.
ഇത് ഒരു പഴയ കൊട്ടാരമല്ല, ഒരു റെസ്റ്റോറന്റ് ആണ്.
പഴയ നാലുകെട്ടുപോലെ ഒന്നു പുതിയതായി ഉണ്ടാക്കിയിരിക്കുന്നു. കുറേ കാലങ്ങള്‍ക്ക് മുന്‍പ് അവിടെ പോയപ്പോള്‍ എടുത്ത ചിത്രങ്ങള്‍.

നടുമുറ്റം. ഇതിന്റെ ചുറ്റുമാണ് ആഹാരം കഴിക്കാനിരിക്കുന്ന ടേബിളുകള്‍ ക്രമീകരിച്ചിരിക്കുന്നത്.
അറ. ശരിക്കും അറ തന്നെ.


റോഡിന്റെ എതിരെയുള്ള വശത്തെ സോപാനം. ചുറ്റും ചെമ്പകങ്ങളും താഴെ ഓട്ടുരുളികളില്‍ പൊഴിഞ്ഞുവീണു കിടക്കുന്ന പൂക്കളും.


മൊത്തത്തില്‍ ഇവിടെ നിന്നും മനസുവിട്ടുവരാന്‍ കുറച്ചു സമയം എടുക്കുന്ന കാഴ്ചകള്‍ തന്നെയാണ്. അഞ്ചുവര്‍ഷം മുന്‍പ് ഇവിടെ ഒരു തുണിക്കടയുടെ പരസ്യം ഷൂട്ട് ചെയ്യാന്‍ പോയപ്പോള്‍ കണ്ടതുപോലെ തന്നെ ഇപ്പോഴും ഇത് മെയിന്റെയിന്‍ ചെയ്ത് നിലനിര്‍ത്തിയിരിക്കുന്നു.

ഇവിടെ ഒരുക്കിയിരിക്കുന്ന ആഹാരത്തിന്റെ രുചിയും എടുത്തു പറയേണ്ടതു തന്നെ. പക്ഷെ മറ്റു ചില തീം റെസ്റ്റോറന്റുകള്‍ ചാര്‍ജ്ജ് ചെയ്യുന്നതു വച്ചു നോക്കുമ്പോള്‍ ഇവിടുത്തെ വില അമിതം എന്നു പറയാനാവില്ല. തിരുവനന്തപുരം - എറണാകുളം പോകുന്ന ഫോര്‍വീല്‍ യാത്രക്കാരാണ് അധികവും ഇരപിടിക്കാനെത്തുന്നത്.


വെള്ളാപ്പള്ളിയുടെ വകയാണ് ഈ സ്ഥാപനം എന്നാണ് അറിയാന്‍ കഴിഞ്ഞത്.

Monday, September 10, 2007

തലതിരിഞ്ഞ അന്ധത.


തിരുവനന്തപുരം മൃഗശാലയിലെ തടാകത്തിന്റെ കരയില്‍ നില്‍ക്കുന്ന മുളംകൂട്ടമാണിത്.
(കുമാറിനു വട്ടായോ? പടം എടുത്ത് തലതിരിച്ച് പോസ്റ്റ് ചെയ്യുന്നു. അതോ തലതിരിഞ്ഞോ?)

ഇല്ല, ഇതുവരെ തിരിഞ്ഞില്ല.


പക്ഷെ ഒരു കൂട്ടം ജീവനുകള്‍, അവര്‍ക്ക് കാഴ്ചയുണ്ടായിരുന്നെങ്കില്‍ ഇങ്ങനെയാണ് ഈ കാഴ്ച കാണേണ്ടിവരുക.

അവരാണ് താഴെ കാണുന്നവര്‍. തലതിരിഞ്ഞ പകല്‍-കാഴ്ചകള്‍ കാണാതിരിക്കാന്‍ അവരുടെ കണ്ണുകളില്‍ ഇരുട്ടു തിരുകികൊടുത്തത് കരുതിക്കുട്ടിയായിരുന്നു എന്നു പറയാതെ വയ്യ.മൃഗശാലയുടെ നടുവിലെ തടാകക്കരയിലെ മരങ്ങള്‍ ഇവരുടെ ഒരു വലിയ കോളനിയാണ്. കാഴ്ച്കള്‍ കാണാനെത്തുന്ന മനുഷ്യന്റെ തലയ്ക്കുമുകളില്‍, തലതിരിഞ്ഞ കാഴ്ചകള്‍ പോലും നിക്ഷേധിക്കപ്പെട്ടവര്‍.

Friday, August 31, 2007

പുലയമ്പാറയില്‍ പുലരുമ്പോള്‍

പുലയമ്പാറ ചെറിയ ഒരു സ്ഥലമാണ്. നെല്ലിയാമ്പതിയിലെ നാട്ടുകാര്‍ക്ക് അത് അവരുടെ പട്ടണവും.

അഴിച്ചുവിട്ട കുറേ കന്നുകാലികള്‍, റോഡിന്റെ ഇരുവശവും വെറുതെ വെയില്‍ കൊണ്ടുകിടക്കുന്ന ജീപ്പുകള്‍. ചില്ലിട്ട അലമാരയില്‍ ആവിപറക്കുന്ന പുട്ട് ഇരിക്കുന്ന ചായക്കടകള്‍. അകലെ മഞ്ഞു വീണുകിടക്കുന്ന മലനിരകള്‍. ഒരു മലയോര ടൌണിനുവേണ്ടതെല്ലാം ഇവിടെ സിനിമയ്ക്ക് സെറ്റിട്ടതുപോലെയുണ്ട്.

ഐ റ്റി എല്‍ ഹോളീഡേ റിസോര്‍ട്ടില്‍ നിന്നാണെങ്കില്‍ കാട്ടിലെ ഈ റോഡിലൂടെ നാലഞ്ചു കിലോമീറ്റര്‍ നടക്കണം. റോഡിന്റെ ഇരുവശവും കണ്ണും കാതുമെറിഞ്ഞ് നടന്നാല്‍ ഒരുപാട് കാഴ്ചകളും ശബ്ദങ്ങളും മനസിലേക്ക് റെക്കോഡ് ചെയ്യാം. ഇടയ്ക്ക് റോഡ് ക്രോസ് ചെയ്ത് പോകുന്ന നീലഗിരി താര്‍ എന്ന വലിപ്പമുള്ള കോലാടുകളെ കാണാം. പുലരിവെയിലില്‍ അലസമായി കിടക്കുന്ന കുറുക്കന്മാരെ കാണാം. മരങ്ങളില്‍ മോണിങ് വാക്കിനിറങ്ങിയ കുരങ്ങന്മാരെ കാണാം. നെല്ലിയാമ്പതിയിലെ പ്രശസ്ഥമായ ഓറഞ്ചുതോട്ടം ഇതിനടുത്താണ്. പക്ഷെ അവിടെ ഇപ്പോള്‍ ഓറഞ്ചുകള്‍ അധികം ഇല്ല. ഓറഞ്ചുതോട്ടം എന്ന പേരുമാത്രമേയുള്ളു.
ഒരു മലയോര ടൌണ്‍ എന്ന് കേള്‍ക്കുമ്പോള്‍ മനസിലോടി എത്തുന്ന ഇമേജറിയില്‍ മുന്നില്‍ നില്‍ക്കുന്ന ഒരു കാഴ്ചയാണ് ചായക്കട. ആവിപറക്കുന്ന സമോവര്‍. ചില്ലലമാരിയിലെ ദോശ, പുട്ട്, നെയ്യപ്പം, പുഴുങ്ങിയ മുട്ട എന്നിവയാണ് ഇവിടുത്തെ ഹൈലൈറ്റ്സ്. പത്രംവായനയാണ് ഇവിടുത്തെ പ്രഭാതത്തിലെ പ്രധാന പരിപാടി. ഒരു പത്രം ഒരുപടു താളുകളായി ഒരുപാട് ആള്‍ക്കാര്‍ വായിക്കും. ഇത്തരത്തില്‍ ഒരു ചായക്കട പുലമ്പാറയില്‍ നമ്മളെ കാത്തിരിക്കുന്നുണ്ട്.‍


ഈ ചെറിയ സ്ഥലത്തെ ചെറിയ കടയിലും പെപ്സിക്ക് ഇരിക്കാന്‍ ഒരു തണുത്ത ഫ്രിഡ്ജ് ഉണ്ട്. നമ്മള്‍ ആകമാനം ഉപഭോതൃസംസ്കാരത്തിന്റെ തണുപ്പിച്ചവഴികളില്‍ സുഖിച്ചു ജീവിക്കുന്നു എന്ന റിയാലിറ്റി മനസിലാകുന്നത് ഇത്തരം അപുര്‍വ്വ കാഴ്ചകളിലാ‍ണ്.


നെല്ലിയാമ്പതി നമ്മള്‍ കണ്ടുതീരുന്നില്ല. കേശവന്‍പാറയും, പോബ്‌സണ്‍ കമ്പനിയുടെ ജൈവകൃഷിതോട്ടവും അതിനിടയിലുടെ നടന്നു പോകുമ്പോള്‍ എത്തുന്ന മനോഹരമായ താഴ്വരകാഴ്ചകളും ഒക്കെയായി നെല്ലിയാമ്പതി നിരന്നു കിടക്കുന്നു. അതിനെ നോക്കി ഇടയ്ക്ക് വച്ച് മലയിറങ്ങുകയാണ് എന്റെ ഈ പോസ്റ്റ്. ഒപ്പം വന്ന എല്ലാവര്‍ക്കും നന്ദി.

നെല്ലിയാമ്പതി കാഴ്ചകള്‍ : ഒന്ന്, രണ്ട്.

Monday, July 30, 2007

നെല്ലിയാമ്പതികാഴ്ചകള്‍ - രണ്ടാം ദിവസം.

അവിചാരിതമായ കാരണങ്ങളാല്‍ യാത്രയുടെ ഇടയ്ക്ക് നിന്നുപോയ വണ്ടി ഇതാ വീണ്ടും തള്ളി സ്റ്റാര്‍ട്ടാക്കിയിരിക്കുന്നു.

നമുക്കു മലകയറാം. പോത്തുണ്ടിയില്‍ നിന്നും നമ്മള്‍ 17 കിലോമിറ്റര്‍ താണ്ടി നമ്മള്‍ നെല്ലിയാമ്പതിയിലെത്തി. നമ്മളിപ്പോള്‍ സമുദ്ര നിരപ്പില്‍ നിന്നും 1572 മീറ്റര്‍ ഉയരെയാണ്. പാറി നടക്കുന്ന മഴമേഘങ്ങളുടെ താഴെയും. ഒന്ന് ഫ്രെഷ് ആയിട്ട് നമ്മള്‍ സീതാര്‍കുണ്ടിലേക്ക് പോകുന്നു. കരുണ പ്ലാന്റേഷന്റെ ഉള്ളിലാണ് സീതാര്‍കുണ്ട്. രാമനും സീതയും ലക്ഷണനും വനവാസകാലത്തു താമസിച്ചു എന്നാണ് ഐതീഹ്യം. അയോദ്ധ്യയില്‍ നിന്നും നടതള്ളിയപ്പോള്‍ ഇതുവരെ നടന്നെത്തിയോ എന്നു ചോദിച്ചാല്‍ ഒരുത്തരം ഉണ്ട്; വനവാസക്കാലത്ത് രാവണന്‍ തട്ടിക്കൊണ്ടു പോയത് ലങ്കയിലേക്കാണ്, അയോദ്ധ്യയില്‍ നിന്നും ലങ്കയിലേക്കുള്ള വഴി ഗൂഗിള്‍ എര്‍ത്തില്‍ നോക്കു. അതിന്റെ ഇടയ്കാണ് നെല്ലിയാമ്പതി.

സീതാര്‍കുണ്ടില്‍ നിന്നും നോക്കിയാല്‍ താഴെ പാലക്കാടും നെന്മാറയും കാണാം.

കാഴ്ചക്കാരെ ആനയിക്കാന്‍ നില്‍ക്കുന്ന ഈ ഒറ്റ മരം ഇവിടുത്തെ പ്രത്യേകതയാണ്.മഞ്ഞുവീഴും മുന്‍പു നമുക്ക് തിരികെ റിസോര്‍ട്ടില്‍ എത്തണം. മഴക്കാലമായതുകൊണ്ട് വളരെ പെട്ടന്നെ കോടമഞ്ഞ് വന്നിറങ്ങും. പിന്നെ മഞ്ഞലൈറ്റില്‍ ആയാലും ഡ്രൈവിങ് എളുപ്പമല്ല.

കോടമഞ്ഞ് വളരെ വേഗം വരും. നമ്മുടെ മുന്നില്‍ എല്ലാം മറയ്ക്കും. പട്ടാപ്പകല്‍ ഇരുട്ടുണ്ടാക്കും. പിന്നെ ഞാന്‍ ഒന്നും ചെയ്തില്ല എന്നപോലെ അപ്രത്യക്ഷമാകും. ഞൊടിയിടയിലെ ഈ പ്രതിഭാസം നമ്മളെ അതിശയിപ്പിക്കും.രാത്രിയില്‍ നമ്മള്‍ താമസിക്കുന്ന ഐ റ്റി എല്‍ ഹോളീഡാ റിസോര്‍ട്ടുകാര്‍ (ഇവിടെ വേറെ റിസോര്‍ട്ടുകള്‍ ഇല്ല, അല്പം മാറി ഹോം സ്റ്റേയും ബംഗ്ലാവുകളും അപൂര്‍വ്വം റിസോര്‍ട്ടുകളും ഉണ്ടാവും) നമുക്ക് കൂടിയിരുന്നു വര്‍ത്താനം പറയാന്‍, പാട്ടുപാടാന്‍, ആടാന്‍, ചൂടാകാന്‍ ഒക്കെ ക്യാമ്പ് ഫയര്‍ ശരിയാക്കി തരും, അവരുടെ പ്രോപ്പര്‍ട്ടിയില്‍തന്നെ. നമുക്ക് ആടാം പാടാം എല്ലാം മറക്കാം.തീയുടെ ചൂടാറുമ്പോള്‍ മൂടിപ്പുതച്ച് കിടന്നുറങ്ങാം. പക്ഷെ രാവിലെ തന്നെ ഉണരണം. അതികാലത്ത് സൂര്യനെ നോക്കി നമുക്ക് കാട്ടിനുള്ളിലെ റോഡിലൂടെ നടക്കാം. ഓറഞ്ചു തോട്ടം വഴി പുലയന്‍പാറയിലേക്ക്.

ഗുഡ്‌നൈറ്റ്.

നെല്ലിയാമ്പതി ആദ്യ ഭാഗം ഇവിടെ കാണാം

Thursday, June 14, 2007

ഞാന്‍ കണ്ട നെല്ലിയാമ്പതി #1

ഒരു യാത്രാവിവരണ ചിത്രകഥ.

പാലക്കാടുനിന്നും ഏകദേശം 50 കീലോമീറ്റര്‍ ദൂരെ. സമുദ്രനിരപ്പില്‍ നിന്നോ 1572 മീറ്റര്‍ ഉയരത്തില്‍.
അതാണ് നെല്ലിയാമ്പതി.


ഞങ്ങള്‍, ഒരുമിച്ചു ജോലിചെയ്യുന്ന ഒത്തിരിപേര്‍ നെല്ലിയാമ്പതി കയറിയത് കഴിഞ്ഞ രണ്ടാഴ്ചയ്ക്കുമുന്‍പാണ്.
ടൂറിസം എന്ന 'നാഗരികത'യുടെ കൈ അധികം നീണ്ടെത്താത്ത ഒരു മലനിര. പണ്ടിത് കൊല്ലങ്കോട് - കൊച്ചീ മഹാരാജാവിന്റെ കീഴില്‍ ആയിരുന്നു. ഇപ്പോള്‍ നെന്മാറ ഫോറസ്റ്റ് ഡിവിഷന്റെ കീഴിലും. 'പാവങ്ങളുടെ ഊട്ടി' എന്ന് തമാശയായി പറയുന്ന നെല്ലിയാമ്പതിയില്‍ വികസനം ഇനിയും കൂടിയാല്‍ അതു പാവങ്ങള്‍ക്ക് കൂടി വേണ്ടാതാകും. മലനിരയിലെ ഒരു ടൂറിസം പട്ടണമായ ഊട്ടിപോലെ, സഹ്യനിരയിലെ ഈ നെല്ലിയാമ്പതിയും മാറും.

നെന്മാറകഴിഞ്ഞുവരുമ്പോള്‍ നെല്ലിയാമ്പതിയുടെ ചന്തവും കയറ്റവും തുടങ്ങുന്നത് പോത്തുണ്ടി ഡാമില്‍ നിന്നാണ്. കാഴ്ചകള്‍ തുടങ്ങുന്നതും പോത്തുണ്ടിയില്‍ നിന്നു തന്നെ.
ഭാരതപുഴയുടെ പ്രധാന പോഷകനദിയായ ഗായത്രിപുഴയിലേക്ക് ഒഴുകി വരുന്ന പുഴയാണ് അയലൂര്‍പുഴ. അതിലേക്ക് വരുന്ന പോഷകനദികളാണ് മീഞ്ചാടിപ്പുഴയും പാടിപ്പുഴയും. അവയെ ചേര്‍ത്ത് അവയ്ക്ക് കുറുകെ കെട്ടിയ ഡാം ആണ് പോത്തുണ്ടി ഡാം. നെന്മാറയിലെ നെല്‍‌വയലുകള്‍ക്ക് ജലസേചനം നടത്തുന്നത് ഈ ഡാം ആണ്. ഇവിടെ പ്രകൃതി മരവിച്ചുകിടക്കുന്നു. പക്ഷികളുടെ ശബ്ദങ്ങള്‍ക്ക് ഇടവേള കൊടുക്കുന്നത് ഇടയ്ക്കിടെ വന്നു വളവു തിരിഞ്ഞുപോകുന്ന വാഹനങ്ങള്‍ മാത്രം. ഇവിടെ ഇറങ്ങുന്ന സഞ്ചാരികള്‍ക്കുപോലും ഉറക്കെ സംസാരിക്കാന്‍ തോന്നില്ല. ജലസംഭരണിയിലെ നിഴ്ചലമായ ജലനിരപ്പ് അത്രമാത്രം നമ്മളെ സ്വാധീനിക്കുന്നു. അതിനു പിന്നില്‍കാണുന്ന നെല്ലിയാമ്പതി മലനിരകളും.
നെല്ലിയാമ്പതി മലനിരകള്‍ ഈ വെള്ളത്തില്‍ മുഖം നോക്കുന്നത് ഇവിടുത്തെ മനോഹരമായ കാഴ്ചകളില്‍ ഒന്നാണ്.
നമ്മള്‍ കുറേ നേരം നോക്കിനിന്നാല്‍ ഒരു എണ്ണഛായ ചിത്രം പോലെ മനസില്‍ പതിയും ഈ കാഴ്ചകള്‍.നമ്മള്‍ കയറുന്നു, നെല്ലിയാമ്പതിയിലേക്ക്. ക്യാമറ റെഡിയാക്കി വയ്ക്കുക, കണ്ണുകള്‍ തുറന്നു പിടിക്കുക. ബി എസ് എന്‍ എല്‍ ഒഴികെയുള്ള മൊബൈല്‍ ഫോണുകള്‍ ഓഫുചെയ്തിടുക, ഈ ഹൈ റേഞ്ചില്‍ വേറേ ആര്‍ക്കും റേഞ്ച് ഇല്ല. (ബി എസ് എന്‍ അല്‍ ആയാലും ഓഫ് ചെയ്തിട്ടാല്‍ അതാണ് രസം) ഇവിടെനിന്നും തേക്കിന്‍ കാടുകള്‍ക്കിടയിലൂടെ നമ്മള്‍ യാത്ര തുടരണം. ഇടുങ്ങിയ വഴിയാണ്. 17 കിലോമീറ്ററോളം വളഞ്ഞുതിരിയണം നെല്ലിയാമ്പതിയില്‍ എത്താന്‍. കൂട്ടിനു ഒരുപാട് കാഴ്ചകള്‍ ഉണ്ട്. ഈ പോത്തുണ്ടി ഡാമിന്റെ ജലസംഭരണി നമ്മുടെ കണ്ണില്‍ ചെറുതായി ചെറുതായി വരും. നമ്മുടെ താഴെ നെന്മാറയും പാലക്കാടും ചുരുങ്ങിക്കുടും. ഷോളയാര്‍ ചുരം നമ്മുടെ കണ്ണില്‍ നിരന്നു കിടക്കും ഒരിക്കലും മായാത്ത ഒരു കാഴ്ചയായിട്ട്.
മഴ സമയം ആണ്. നെല്ലിയാമ്പതി എത്താറാകുമ്പോള്‍ മലയിറങ്ങിവരുന്ന കോടമഞ്ഞ് ഒരു നിമിഷം കൊണ്ട് ചുറ്റും മറയ്ക്കും. നമ്മള്‍ മുഖത്തോട് മുഖം നോക്കി അതിശയചിരി ചിരിക്കും.തുടരും.

(കണ്ണൂരാന്‍ രണ്ടുദിവസം മുന്‍പ് നെല്ലിയാമ്പതിയുടെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരുന്നു, അതിവിടെ കാണാം)

Saturday, June 09, 2007

നടക്കാനിറങ്ങിയ ജീവബിന്ദുക്കള്‍.ഈ കാഴ്ചകണ്ടപ്പോള്‍ ഇതിഹാസത്തിലെ ഒരു കുഞ്ഞിക്കഥ ഓര്‍മ്മവന്നു. അതിന്റെ ഒരു രസത്തില്‍ ക്ലിക്ക് ചെയ്തതാണ്.


പണ്ടുപണ്ട്, ഓന്തുകള്‍കും മുന്‍പ്, ദിനോസ്രുകള്‍ക്കും മുന്‍പ്, ഒരു സായാഹ്നത്തില്‍ രണ്ടു ജീവബിന്ദുക്കള്‍ നടക്കാനിറങ്ങി. അസ്തമയത്തിലാറാടിനിന്ന ഒരു താഴ്വരയിലെത്തി.

ഇതിന്റെ അപ്പുറം കാണണ്ടേ? ചെറിയ ബിന്ദു വലിയതിനോടു ചോദിച്ചു.
പച്ചപിടിച്ച താഴ്വര, ഏട്ടത്തിപറഞ്ഞു. ഞാനിവിടെത്തന്നെ നില്ക്കട്ടെ.
എനിക്കു പോകണം, അനുജത്തി പറഞ്ഞു.
അവളുടെ മുന്‍പില്‍ കിടന്ന അനന്തപഥങ്ങളിലേക്ക് അനുജത്തി നോക്കി.
നീ ചേച്ചിയെ മറക്കുമോ? ഏട്ടത്തി ചോദിച്ചു.
മറക്കില്ല, അനുജത്തി പറഞ്ഞു.
മറക്കും, ഏട്ടത്തി പറഞ്ഞു. ഇതു കര്‍മ്മപരമ്പരയുടെ സ്നേഹരഹിതമായ കഥയാണ്. ഇതില്‍ അകല്‍ച്ചയും ദുഃഖവും മാത്രമേയുള്ളൂ.അനുജത്തി നടന്നകന്നു. അസ്തമയത്തിന്റെ താഴ്വരയില്‍ ഏട്ടത്തി തനിച്ചു നിന്നു. പായല്‍ക്കുരുന്നില്‍ നിന്ന് വീണ്ടുമവള്‍ വളര്‍ന്നു. അവള്‍ വലുതായി. വേരുകള്‍ പിതൃക്കളുടെ കിടപ്പറയിലേക്കിറങ്ങി. മൃതിയുടെ മുലപ്പാലു കുടിച്ച് ചില്ലകള്‍ പടര്‍ന്നു തിടംവച്ചു. കണ്ണില്‍ സുറുമയും കാലില്‍ തണ്ടയുമിട്ട ഒരു പെണ്‍കുട്ടി ചെതലിയുടെ താഴ്വരയില്‍ പൂവിറുക്കാനെത്തി. അവിടെ തനിച്ചു നിന്ന ചമ്പകത്തിന്റെ ചില്ലയൊടിച്ചു പൂ നുള്ളിയപ്പോള്‍ ചമ്പകം പറഞ്ഞു, അനുജത്തീ, നീയെന്നെ മറന്നുവല്ലോ..


-ഖാസാക്കിന്റെ ഇതിഹാസത്തില്‍ നിന്ന്.


കഥയ്ക്കുള്ളിലെ കൊച്ചുകഥകള്‍ മലയാളസാഹിത്യത്തില്‍ അനവധിയാണ്. പക്ഷെ ഈ ജീവ ബിന്ദുക്കളുടെ കഥപോലെ മലയാളവായനക്കാര്‍ മറക്കാത്ത കഥകള്‍ കുറവാണ്. വിജയന്‍ പറഞ്ഞ ജീവബിന്ദുക്കളുടെ കഥ എനിക്കു പ്രിയങ്കരമായ ഒന്നാണ്. ഈ താഴ്വര നെല്ലിയാമ്പതിയിലാണ്.

ബ്ലോഗു ചെയ്തു തുടങ്ങുന്ന സമയത്ത് ഈ കഥയുടെ ക്ലൈമാക്സ് മാറ്റി ഒരു അക്രമണം നടത്തിയിരുന്നു ഞാന്‍. അത് ഇവിടെ വായിക്കാം. (എനിക്ക് ഈ കഥയില്‍ ആരെങ്കിലും കൈവിഷം തന്നോ?)

Thursday, May 31, 2007

ഇനി മഴപെയ്യുന്ന ഫ്രെയിമുകള്‍ഇടവപ്പാതി തുടങ്ങി ഇവിടെ.
ഇനി ആകാശത്തിനൊപ്പം മനസും മൂടികെട്ടും. വയറില്‍ വിശപ്പുകൂടുകെട്ടും.

ചുവരില്‍ തൂങ്ങിഉറങ്ങിയ പഴയ കുടകള്‍ ഇനി കൈകളിലേക്കിറങ്ങും.
പാന്റിന്റെ താഴെത്തെ അരികുകളില്‍ ചെളിപടരും. ബൂട്ടുകളും ഷൂസുകളും മഴചെരുപ്പുകള്‍ക്ക് വഴി മാറും. വഴിക്ക് നിന്നുപോയ കാറുകളും ഓട്ടോകളും വെള്ളക്കെട്ടില്‍ അനാഥരായി കിടക്കും. പെരുവെള്ളത്തിലേക്കിറങ്ങുന്ന കാലിന്റെ മുട്ടോളം ഉയരുന്ന സാരിക്കു താഴെ പെരുവഴിയിലെ കണ്ണുകള്‍ ആഴ്ന്നിറങ്ങും.

സ്കൂള്‍ വിട്ടു പടികയറിവന്ന ഉണ്ണി നീളത്തില്‍ തുമ്മും. ചാനലില്‍ വിക്സിന്റേയും അമൃതാഞ്ജന്റേയും പരസ്യം കുടപ്പരസ്യങ്ങളുടെ തുള്ളലിനൊപ്പം നില്‍ക്കും. ആസ്ത്‌മയുള്ള നെഞ്ചിന്‍ കൂട്ടിലിരുന്ന് പ്രാവുകള്‍ കുറുകാന്‍ തുടങ്ങും. അപ്പോഴും വരും ആശ്വാസം കാട്ടുന്ന പരസ്യങ്ങള്‍.

മഴ ഒരു അവസ്ഥയാണ്. മഴ ഒരു ജീവിതരീതിയാണ്. അതാണിനി കുറച്ചുനാള്‍ മഴനാട്ടില്‍ ഉള്ള ഞങ്ങള്‍ ഓരോരുത്തരുടേയും രീതി.

Monday, May 21, 2007

മുഖങ്ങള്‍ #03 പാത്ത.'പാത്ത' എന്നായിരുന്നു പണ്ടു മുതല്‍ എല്ലാവരും പാത്തയെ വിളിച്ചിരുന്നത്.

ഞങ്ങളുടെ വീട്ടിലൊക്കെ വരാറുണ്ട് പാത്ത. അധികം ചിരിച്ച് ഞാന്‍ കണ്ടിട്ടില്ല. ചിരിക്കുമ്പോള്‍ തുറന്നു ചിരിക്കും എന്ന വിശ്വാസം ഉറപ്പിക്കുന്ന ചില ചിരികള്‍ പാത്തയുടെ ചുണ്ടില്‍ വിരിഞ്ഞത് ഇപ്പോഴും എന്റെ ഓര്‍മ്മയിലുണ്ട്.

ഒരുമാസം മുന്‍പ് നാട്ടില്‍ പോയപ്പോള്‍ പാത്തയെ കണ്ടു, കുറേ നാളുകള്‍ക്ക് ശേഷം. ക്യാമറ പാത്തയുടെ മുഖത്തിനു നേരേ പിടിച്ചപ്പോള്‍ പക്ഷെ അവിടെ ചിരിവിരിഞ്ഞില്ല. ഒരു നോട്ടം മാത്രം. ഈ പടം പോസ്റ്റ് ചെയ്യാന്‍ എടുത്തപ്പോളാണ് ഞാന്‍ ഓര്‍ത്തത്, പാത്തയുടെ ശരിക്കുള്ള പേര്‍ എന്താണ്?
“ഡാ ഹരീ, പാത്തേരേ ശരിക്കൊള്ള പേര് പാര്‍വതീന്ന് അല്ലീ?” അങ്ങേത്തലയ്ക്കല്‍ അമ്മ അടുത്തുണ്ടായിരുന്ന ഹരിയോട് ചോദിക്കുന്നു.ഹരി പറയുന്നതെനിക്ക് കേള്‍ക്കാം,
“തന്നെ വലിയമ്മാ.. ഓട്ടേശ്‌സ് ലിസ്റ്റില്‍ പാര്‍വതീന്ന് തന്നെ. വോ.”

പാര്‍വതി. അങ്ങനെ ഞാന്‍ ആദ്യമായി പാത്തയുടെ പേര്‍ അറിഞ്ഞു.
വോട്ടേര്‍സ് ലിസ്റ്റിലും റേഷന്‍ കാര്‍ഡിലും മാത്രം സ്വന്തം നാമം ഒളിപ്പിച്ചു വച്ച് ജീവിക്കുന്ന ഒട്ടനവധി പേര്‍ നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ ഉണ്ട്.
അതാണ് നാട്ടിന്‍പുറങ്ങള്‍ക്ക് മാത്രം സ്വന്തമായ ചില സുഖകരമായ മറവികള്‍.

Sunday, May 20, 2007

നിഴലുകള്‍ക്ക് ജീവന്‍ കൊടുത്തവര്‍

ഞാന്‍ ഒരു പടം പോസ്റ്റ് ചെയ്തിരുന്നു. അതിനെ അടിസ്ഥാനപ്പെടുത്തി ഒരു പോസ്റ്റ് എഴുതാന്‍ താല്പര്യമുള്ളവരോടൊക്കെ അഭ്യര്‍ത്ഥിച്ചിരുന്നു, ആ പോസ്റ്റില്‍ തന്നെ.

ഇന്നലെ ചിലര്‍ അവരുടെ പോസ്റ്റുകള്‍ പബ്ലീഷ് ചെയ്തിരുന്നു. ആ ലിസ്റ്റ് താഴെ

1. ദേവന്

2. ഡാലി

3. കുട്ടിച്ചാത്തന്

4. ഇട്ടിമാളൂ

5. മുല്ലപ്പൂ

6. മനു

മറ്റു ചിലരും എഴുതും എന്നു പറഞ്ഞു. ഇതുവരെ കണ്ടില്ല. വരുമായിരിക്കും.
എഴുതിയവര്‍ക്കെല്ലാം നന്ദി. ആളുകുറവായതുകൊണ്ട് സമ്മാനം അഞ്ചുപേര്‍ക്കും എത്തുന്നതാണ്‌.
ഇനി ആര്‍ക്കെങ്കിലും എഴുതാന്‍ തോന്നുന്നെങ്കില്‍ ധൈര്യമായി എഴുതാം.

Thursday, May 10, 2007

എഴുതാനൊരു കാഴ്ച.


നിങ്ങള്‍ക്ക് എഴുതാനൊരു വിഷയമാവട്ടെ ഈ ചിത്രം.


ഈ ചിത്രത്തെ അടിസ്ഥാനപ്പെടുത്തി ഒരു പോസ്റ്റ് എഴുതുക. അതൊരു കുറിപ്പോ കഥയോ കവിതയോ ഒക്കെ ആകാം. സീരിയസ്സ് വിഷയമോ തമാശയോ ആകാം. നിഴലുകള്‍ക്ക് ജീവന്‍ കൊടുക്കുക.
പക്ഷെ ഒരു അടിക്കുറിപ്പായി എഴുതി ചുരുക്കിയതു വേണ്ട.


സൃഷ്ടികള്‍ അയക്കേണ്ട വിലാസം nallapostukal@gmail.com


ഓര്‍ക്കുക, ഇതൊരു മത്സരമല്ല. ഒരു കാഴ്ചയെ ഒരുപാടുപേര്‍ എങ്ങനെ മനസിലിട്ട് വളര്‍ത്തുന്നു എന്ന രസകരമായ ചിന്തയാണ് ഇതിന്റെ പിന്നില്‍.
പങ്കെടുത്ത എല്ലാവരുടേയും പോസ്റ്റുകള്‍ മേയ് ഇരുപതിനു ശേഷമുള്ള ഒരു ദിവസം തന്നെ (കഴിയുമെങ്കില്‍ ഒരു സമയത്തുതന്നെ) അവരവരുടെ ബ്ലോഗുകളില്‍ ഇതേ ചിത്രവുമായി പ്രസിദ്ധീകരിച്ച് നമുക്കൊരു പുതുമ സൃഷ്ടിക്കാം.


അവരവരുടെ പോസ്റ്റില്‍ പബ്ലീഷ് ചെയ്യും മുന്‍പ് എനിക്ക് അയച്ചുതരാന്‍ പറയാന്‍ ഉള്ള കാരണം.
ഈ ചിത്രത്തിന്റെ ഉടമയായ എനിക്ക് ഇഷ്ടപ്പെട്ട പോസ്റ്റിനു ഇത് അനൌണ്‍സ് ചെയ്യുന്ന ദിവസം തന്നെ ഒരു കുഞ്ഞു സമ്മാനം കൊടുക്കണെമെന്നോ മറ്റോ തോന്നിയാല്‍ നേരത്തേ തന്നെ പോസ്റ്റ് ഒക്കെ വായിച്ച് റെഡിയായിരിക്കണമല്ലോ!.


അപ്പോള്‍ ചിത്രം ഒന്നുകൂടി നോക്കുക. സങ്കല്‍പ്പങ്ങള്‍ ചിറകുപരത്തെട്ടെ!


Tuesday, May 08, 2007

ചക്കക്കൂട്ടായ്മ.


ഒരു വലിയ അമ്മച്ചിപ്ലാവിന്റെ തടിയില്‍ കിളുര്‍ത്ത ഒരു ഞെട്ടിലെ പൂക്കള്‍ വിരിഞ്ഞാണ് ഈ കൂട്ടായ്മ ഉണ്ടായത്. കൂട്ടായ്മ കുറച്ചുകാലമേ നിലനില്‍ക്കൂ, കാരണം ഓരോരുത്തരും പല നിലവാരത്തിലും വലിപ്പചെറുപ്പത്തിലും ആയതുകൊണ്ടാവും ഇവര്‍ക്ക് ഒരുമിച്ചു വളരാനാവില്ല.
വളര്‍ച്ചയുടെ നല്ലകാലത്തുതന്നെ ചിലരൊക്കെ വല്യമ്മച്ചിയുടെ കറിക്കത്തിയ്ക്കടിപ്പെട്ട് ‘കറി‘യായി മാറും. ചിലര്‍ അവിടെ നിന്ന് പഴുത്ത് സ്വയം മണത്തുരസിക്കും. അകലെയുള്ള ചില്ലകളില്‍ ഇരുന്നു കാക്കകള്‍, കറുപ്പില്‍ ആണ്ടുകിടക്കുന്ന തങ്ങളുടെ കൊതിയന്‍ കണ്ണുകള്‍ ചരിച്ചു ഇവരെ നോക്കും. പാകമായി എന്ന് ഉറപ്പുവരുമ്പോള്‍ പാഞ്ഞുവന്ന് കൊത്തും. കുറച്ചുകഴിയുമ്പോള്‍ ഈ കൂട്ടായ്മ നിലത്തുവീണു പൊട്ടിചിതറും. ഈച്ചയാര്‍ക്കും. പിന്നെ അത് കാലത്തിന്റെ കടന്നുപോകലിന്റെ പാടുകള്‍ക്കുള്ളില്‍ മറയും.

ഈ കൂട്ടായ്മ ഓര്‍മ്മയാകുമ്പോള്‍ ആ തള്ളത്തടിയില്‍ അടുത്ത മുളപൊട്ടും. ഒരുപാടിടങ്ങളില്‍ ഒറ്റപ്പെട്ട കുഞ്ഞിപൂക്കള്‍ തള്ളത്തടിയോട് ചേര്‍ന്ന് നിന്നു ചിരിക്കും. ചിലതൊക്കെ പുഷ്പിക്കലിന്റെ സന്തോഷത്തില്‍ തന്നെ കരിഞ്ഞുനിലം പറ്റും. ചിലത് ആ അമ്മത്തടിയില്‍ നിന്നും ഒരുപാട് ഊര്‍ജ്ജം വലിച്ചെടുത്ത് വളരും. ചിലത് ഇടയ്ക്ക് വച്ച് വളര്‍ച്ചമുറ്റും. ഒരു കാഴ്ചവസ്തുപോലെ അവിടെ വെറുതേ തൂങ്ങിനില്‍ക്കും.
ചില ശിഖരങ്ങളില്‍ ഇതുപോലെ തന്നെ പുതിയ കൂട്ടായ്മ വിളയും. പരസ്പരം കെട്ടിപ്പിടിച്ച് വളരും. പഴുത്തുവീഴാന്‍ വേണ്ടി.
അങ്ങനെ അങ്ങനെ.. പുതിയത് പഴയതായും പഴയതിന്റെ രുചിക്കും ചീഞ്ഞുനാറ്റത്തിനും മുകളില്‍ പുതിയവ വിളഞ്ഞു എല്ലാം ചേര്‍ന്ന് ഒരു ചക്രം പോലെ കറങ്ങിക്കൊണ്ടിരിക്കും. അത് അനിവാര്യതയാണ്.


പക്ഷെ ഈ അമ്മച്ചിപ്ലാവ് മാത്രം അങ്ങനെ നിലനില്‍ക്കും. കാരണം അതിനു നശിക്കാനാവില്ല. അതിന്റെ വേരുകള്‍ അത്രമാത്രം ആഴങ്ങളിലാണ്.

Wednesday, April 18, 2007

കുളമ്പടികളും ആലിംഗനങ്ങളും.തീരത്ത് സഞ്ചാരികളെ കയറ്റി അലസമായി പായുന്ന കുതിരകള്‍.
അവര്‍ ബാക്കി വച്ചുപോകുന്ന തങ്ങളുടെ പാദമുദ്രകള്‍.
ഓരോതവണയും ശക്തമായ തിരയില്‍ ഇതു മായും.
ശക്തി കുറഞ്ഞ തിരകളാണ് വരുന്നതെങ്കില്‍ ഇത് വക്കിടിഞ്ഞ ഒരു കുഞ്ഞുകുളത്തിന്റെ ശേഷിപ്പ് ആയി മാറും അടുത്ത തിരവരും വരെ.

തിരിച്ചും മറിച്ചും എത്ര പാഞ്ഞാലും കുതിരയ്ക്ക് തിരയെതോല്‍പ്പിച്ച് തീരത്ത് തന്റെ മുദ്രപതിപ്പിക്കാനാവില്ല, കുതിരയ്ക്ക് എന്നല്ല ആര്‍ക്കും.

അതാണ് തിരയ്ക്ക് തന്റെ തീരത്തോടുള്ള ഇഷ്ടം.
അവളുടെ വിഷമങ്ങള്‍ എല്ലാം ആര്‍ദ്രമായി അലിയിക്കുന്ന ആലിംഗനം.Saturday, March 31, 2007

നനഞ്ഞുണങ്ങുന്ന കമിതാക്കള്‍.

മഴതിമിര്‍ത്തുപെയ്തപ്പോള്‍ അവള്‍ പേടിച്ചു.
ബന്ധനത്തിന്റെ ചരടിലൂടെ ഊര്‍ന്ന് ചെന്ന് അവള്‍ അവനോട് ഒട്ടിച്ചേര്‍ന്ന് നിന്നു.

അവര്‍ മാത്രം.

മഴ നിന്നു.
ചേര്‍ന്നു നില്‍പ്പിന്റെ ചൂടില്‍ അവര്‍ വിയര്‍ത്തു. ആ വിയര്‍പ്പിന്റെ തുള്ളിയില്‍ പ്രകൃതി തിളങ്ങി.
കാലില്‍ തൂങ്ങുന്ന ആ തുള്ളിക്കണ്ണിലൂടെ അവന്‍‍ സൂര്യന്റെ വരവുകണ്ടു.
‘കടിച്ചുപിടിച്ചുള്ള‘ ജീവിതത്തെ ശപിച്ചു കൊണ്ടവന്‍‍ പറഞ്ഞു.
“ആ തള്ള ഇപ്പോള്‍ തിരികെ വരും. പകുതി ഉണങ്ങിയ അവരുടെ നരച്ചതുണിയുമായി, നമ്മളെ വീണ്ടും അകറ്റാന്‍.“


Blog Archive

My shared shared items

About Me

My photo
ഒരു ഭാര്യ, രണ്ടുകുട്ടികള്‍, ഒരു മീശ, പിന്നെ കുറേ അഹങ്കാരവും.

Followers

Basic Design : Ourblogtemplates.com

Back to TOP