Related Posts with Thumbnails

Monday, December 03, 2007

തിളക്കമില്ലാത്ത മുംബൈ #01

കണ്ടാല്‍ തീരാത്തതാണ് മുംബൈ. നരിമാന്‍ പോയിന്റും കൊളാബയും മറൈന്‍ ഡ്രൈവും ഒക്കെയായ നഗരചിത്രത്തിന്റെ തിളക്കത്തിനും ജൂഹുവിന്റെ വിശാലതയ്ക്കും അപ്പുറമാണ് മുംബൈ ‘ജീവിക്കുന്നത്’. അതു കാണാന്‍ എന്റെ ഈ രണ്ടുകണ്ണും പിന്നെ ഡിജിറ്റല്‍ ലെന്‍സ് വച്ച മൂന്നാമത്തെ കണ്ണും പോരാ.

എങ്കിലും പലപ്പോഴായി കണ്ടതില്‍ നിറമധികം ഇല്ലാത്തതിന്റെ നേരേ മാത്രം ലെന്‍സ് തിരിക്കാന്തോന്നി. അതില്‍ ചിലതൊക്കെ ഇവിടെ പതിക്കാം.


രാത്രിയാണ് മുംബൈയുടെ ജീവന്‍. (പണ്ടൊക്കെ കൂടുതലും ജീവനെടുക്കലായിരുന്നു). രാത്രിയുടെ ജീവനും അതിന്റെ മിടിപ്പും എന്നു പറയുന്നത് മഞ്ഞത്തൊപ്പിവച്ച കറുത്ത ഫിയറ്റ് ടാക്സികളും‍.
ലോണ്‍‌ലി പ്ലാനറ്റുകാരുടെ “ഇന്ത്യ” എന്ന പുസ്തകത്തില്‍ അവര്‍ പലപ്പോഴും ഇന്ത്യയുടെ ഐക്കണായി അലഞ്ഞുനടക്കുന്ന ‘സ്വാമി’ മാരെ കാണിക്കും പോലെ ഉപയോഗിക്കപ്പെടുന്ന ഒരു ഐക്കണ്‍ ആണ് ഈ ടാക്സികള്‍.
ഉള്ളില്‍ ഒരുപാട് പ്ലാസ്റ്റിക് പൂക്കളൊക്കെ നിരത്തിവച്ച ഫീയറ്റുകളില്‍ വിലകുറഞ്ഞ പൌഡറിന്റേയും സുഗന്ധദ്രവ്യങ്ങളുടെയും ഗന്ധം തടവുകിടക്കുന്നുണ്ടാവും എപ്പോഴും. പിന്നിലെ ഗ്ലാസില്‍ അത് ഓടി നടക്കുന്ന സ്ഥലങ്ങള്‍ എഴുതിവച്ചിരിക്കും, നവി മുംബൈ - പന്‍‌വേല്‍ - താനെ - ദാദര്‍ എന്നിങ്ങനെ.
നമ്മുടെ നാട്ടില്‍ഫിയറ്റുകള്‍ ഒരു കാണാക്കനിയായി മാറുമ്പോള്‍ മുംബൈയില്‍ മാത്രം എങ്ങനെ വരുന്നു ഇത്രയും ഫിയറ്റുകാറുകള്‍ എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. തെരുവുപിള്ളേര്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കാണുന്ന മുംബൈ ഐക്കണ്‍ ഫിയറ്റു കാര്‍ തന്നെ!


മുംബൈ തെരുവുകളിലെ ജൂസു ഗ്ലാസുകളില്‍ പൊട്ടിവീണ് തണുപ്പാകാന്‍ തയ്യാറായി ധാരാവിയുടെ തെരുവില്‍ തണുത്തുറഞ്ഞ സൈക്കിളില്‍ ഇരിക്കുന്നവന്‍. പുറം ലോകം അറീയുന്ന അധോലോക സിനിമാ ഡയലോഗുകള്‍ക്കും അപ്പുറം ഒരു വലിയ ലെതര്‍ മാര്‍ക്കറ്റ്കൂടിയാണ് ധാരാവി. ഏത് ബ്രാന്റായാലും ലുക്കിലും ക്വാളിറ്റിയിലും അതിനെ വെല്ലുന്ന ഡ്യൂപ്ലിക്കേറ്റ് ഇവിടെ ലഭിക്കും. നമുക്ക് ഇഷ്ടമായ ഒരു ബാഗിനു അവര്‍ ആദ്യം 2000 രൂപാ എന്നു പറഞ്ഞാല്‍ നമ്മള്‍ 700 പറയണം ഒടുവില്‍ 800 നോ 900 നോ വാങ്ങി പോരാം. അതിനേ കാളും താഴ്ന്ന വിലയില്‍ വാങ്ങുന്ന മിടുക്കന്മാരും ഉണ്ട്. ധാരാവിയുടെ പകല്‍-സന്ധ്യ ജീവിതത്തില്‍ മാത്രമാണ് ഈ തുകല്‍ വ്യാപാരം. രാത്രി ധാരാവിക്കു മറ്റൊരു രൂപമാണ്.


നിയോണ്‍ ലൈറ്റുകള്‍ ആണ് മുംബൈയുടെ രാത്രിവരകള്‍. മഴയുള്ള രാത്രിയില്‍ കാറിനുള്ളില്‍ കുറച്ചു സമയം ക്യാമറ ഷട്ടര്‍തുറന്നുവച്ചെടുത്തത്. എന്റെ കയ്യുടെയും കാറിന്റേയും കുലുക്കം ആ വരകളില്‍ തിരിച്ചറിയാം. മഴയെ കുറിച്ച് പറയാന്‍ മറന്നു, ഒരുമണിക്കൂര്‍ തുടര്‍ച്ചയായി മഴപെയ്താല്‍ മുംബൈക്കാരുടെ മനസു പിടയും.

മുംബൈയുടെ നഗര പടത്തില്‍ നിന്നും മായ്ച്ചുകളയാനാകാത്ത ഒന്നാണ് ജുഗ്ഗികള്‍. പ്ലാസ്റ്റിക് ഷീറ്റും കല്ലും മണ്ണും കൊണ്ടു വെയിലും മഴയും തടുത്ത് ഒരു സമൂഹം ഇവിടെ ഇവിടെ തഴച്ചുവളരുന്നു. മാഹിമിലും ജൂഹുവിലും ധാരാവിയിലും ദാദറിലും എന്നു വേണ്ട, വിമാനതാവളത്തിന്റെ ചുറ്റുമതിലിനോട് ചേര്‍ന്നു തന്നെ ഈ കുടിലുകള്‍ കാണാം. മേല്‍ക്കാണുന്ന ചിത്രം ബാന്ദ്രയിലേതാണ്. മുംബൈയുടെ നഗര ജീവിതത്തില്‍ ഈ സമൂഹത്തിലെ പൌരന്മാരുടെ പങ്ക് വളരെ വലുതാണ്.


കാറിന്റെ വിന്റോയിലേക്ക് നീങ്ങിവരുന്ന നിറമുള്ള പുക്കളും അതിന്റെ പിന്നില്‍ നിറം വറ്റിയ മുഖവും കാണാം. നമ്മള്‍ വെറുതെ ആ പൂവിലേക്ക് നോക്കിയാല്‍ ആ മുഖത്ത് പ്രതീക്ഷയുടെ നിറം ഒരു നിമിഷം പടരും. ട്രാഫിക് ഐലന്റുകളില്‍ ഇത്തരം പ്രതീക്ഷയുടെ കച്ചവടം വളരെ ശക്തമാണ്. പുക്കളായും ദൈവങ്ങളായും ദേശീയ പതാകയായും ഒക്കെ.


ഉച്ചത്തില്‍ സംഗീതവും ബഹളങ്ങളും ഒക്കെ ഉയരുന്ന സ്പോര്‍ട്സ് ബാറുകളും പബ്ബുകളും മുന്തിയ ഭക്ഷണശാലകളും ഒക്കെ മാറ്റി നിര്‍ത്തിയാല്‍ ഇതുപോലെയുള്ള വൃത്തിയും വെടിപ്പും ഉള്ള ചെറുകിട ഭക്ഷണശാലകള്‍ ഒരുപാടുണ്ട്. ഇത് ചര്‍ച്ച് ഗേറ്റിനടുത്ത് വീര്‍ നരിമാന്‍ റോഡിലുള്ള ‘സ്റ്റേഡിയം’ എന്ന ഇറാനിയന്‍ റെസ്റ്റോറന്റിലെ തീന്‍ മേശയാണ്. ബ്രഡും ബണ്ണും, നന്നായി പൊടിച്ചിട്ട ചിക്കനും ഗ്രീന്‍ പീസും ചേര്‍ത്തുള്ള കറിയും. ബ്രേക്ക് ഫാസ്റ്റിനും ലഞ്ചിനും ഇടയ്ക്കുള്ള സമയം. (മൊബൈലില്‍ എടുത്ത ചിത്രമാണ്). ബ്രഡ് ആ എരിവുള്ള കറിയില്‍ മുക്കി നാവിലേക്ക് വയ്ക്കു. കഴിച്ചു കഴിയുമ്പോള്‍ യാത്ര തുടരാന്‍ തോന്നിയാല്‍ തുടരാം..

16 അഭിപ്രായങ്ങള്‍:

Kumar Neelakandan © (Kumar NM) 9:14 AM  

നരിമാന്‍ പോയിന്റും കൊളാബയും മറൈന്‍ ഡ്രൈവും ഒക്കെയായ നഗരചിത്രത്തിന്റെ തിളക്കത്തിനും ജൂഹുവിന്റെ വിശാലതയ്ക്കും അപ്പുറമാണ് മുംബൈ ‘ജീവിക്കുന്നത്’. അതു കാണാന്‍ എന്റെ ഈ രണ്ടുകണ്ണും പിന്നെ ഡിജിറ്റല്‍ ലെന്‍സ് വച്ച മൂന്നാമത്തെ കണ്ണും പോരാ.

എങ്കിലും പലപ്പോഴായി കണ്ടതില്‍ ചിലതൊക്കെ ഇവിടെ പതിക്കാം.

കുഞ്ഞന്‍ 9:34 AM  

കുമാര്‍ജീ..

പടങ്ങളിലൂടെ ഒരു സഞ്ചാരം നടത്താന്‍ സാധിച്ചു..

ആദ്യ കമന്റിലെ വരികളും അടിപൊളി.. “നഗരചിത്രത്തിന്റെ തിളക്കത്തിനും ജൂഹുവിന്റെ വിശാലതയ്ക്കും അപ്പുറമാണ് മുംബൈ ‘ജീവിക്കുന്നത്’. അതു കാണാന്‍ എന്റെ ഈ രണ്ടുകണ്ണും പിന്നെ ഡിജിറ്റല്‍ ലെന്‍സ് വച്ച മൂന്നാമത്തെ കണ്ണും പോരാ"

കണ്ണൂരാന്‍ - KANNURAN 10:51 AM  

മുംബൈയില്‍ ഒന്നു കറങ്ങിയ പ്രതീതി...

ശ്രീ 12:06 PM  

നഗര ചിത്രത്തിന്റെ തിളക്കത്തിനും ജൂഹുവിന്റെ വിശാലതയ്ക്കും അപ്പുറമാണ് മുംബൈ ജീവിക്കുന്നത്.

പൂക്കളും നീട്ടിപ്പിടിച്ച് നില്‍‌ക്കുന്ന ആ കൌമാരക്കാരന്റെ ചിത്രം അത് ശരി വയ്ക്കുന്നു.

അഭയാര്‍ത്ഥി 2:26 PM  

പകര്‍ത്താവുന്ന മുംബൈ കുമാര്‍ പകര്‍ത്തിയിരിക്കുന്നു.
പ്രത്യേകിച്ചും ആ പൂവില്‍പ്പനക്കാരന്റെ ദൈന്യം.
സ്ഥായിയായ ഭാവം ഇതു തന്നെ.

എന്നാല്‍ മുംബയെ ഓര്‍ക്കുമ്പോള്‍ കടമ്മനിട്ട കവിതയാണോര്‍മ വരിക
പുഴുത്ത മുലപ്പാലിന്റെ ഗന്ധമാണ്‌ നഗര്‍ത്തിന്ന്‌....

ശാലിനി 3:36 PM  

പലപ്രാവശ്യം പലരും എഴുതിയത് വായിച്ചുട്ടുണ്ടെന്കിലും കുമാര്‍ എഴുതുമ്പോള്‍ അതൊലൊരു കുമാര്‍ ടച്ചുണ്ട്. വിവരണം അസലായി എന്നു പറയേണ്ടല്ലോ.

പൂ വില്ക്കുന്ന പയ്യന്‍റെ പടം മനസില്നിന്ന് പോകാന്‍ അല്പം സമയമെടുക്കും.

അചിന്ത്യ 5:00 PM  

കുമാര്‍‌,
എത്ര നിറല്ല്യാത്തേന്റുള്ളില്‍ ബോംബെ ഒരു നിറം ചാര്‍ത്തും, ല്ലേ.ഐസുകട്ടയില്‍ മാത്രം പെയിന്റടിച്ചിട്ടില്ല്യ.
എല്ലാരും പറഞ്ഞ പോലെ ആ കുട്ടിടെ മുഖം...എന്തൊരു ഡെസ്പെറേഷനാ ല്ലെ.പാലക്കാട്ട് സുല്‍‌ത്താന്‍പേട്ട ജങ്ഷനില്‍ റ്റ്രാഫിക്ക് സുഗ്നല്‍ ചോപ്പാവുമ്പോ വരും - പത്ത്പതിനൊന്ന് വയസ്സുള്ള കുഞ്ഞന്മാര്‍‌ കയ്യിലെ കൂടകളില്‍ തൂങ്ങണ മുല്ലമാലകളുമായിട്ട്.വണ്ടികള്‍ടെ ഇടേക്കൂടെ അവരു കുടുകുടൂന്ന് ഓടണ കണ്ടാ പേട്യാവും.നമ്മള്‍ പൂ വാങ്ങിപ്പോവും , വാങ്ങും തോറും അവരടെ ഓട്ടങ്ങള്‍ വേഗത കൂടീതും, കുടുതല്‍‌ അശ്രദ്ധമായതും ആവും ന്ന് അറിഞ്ഞിട്ടുംകൂടി.
നന്നായിണ്ടപ്പു.രണ്ടാം ഭാഗം വൈകിക്കണ്ട.

ദേവന്‍ 5:03 PM  

നന്ദി കുമാറേ, ഞാന്ന് മുംബായ് കണ്ടിട്ടില്ല.(എന്നുവച്ചാല്‍ ഇന്ത്യയുടെ ചിത്രത്തിലെ നല്ലൊരുഭാഗം കണ്ടിട്ടില്ല) ഈ പടങ്ങളിലൂടെ കാണട്ടെ.

Dinkan-ഡിങ്കന്‍ 6:21 PM  

Amchi Mumbai... നല്ല പടങ്ങള്‍ :)

chithrakaran ചിത്രകാരന്‍ 7:00 PM  

പറഞ്ഞുകേട്ട് മാത്രമറിഞ്ഞ മുബൈ ചിത്രംകൊണ്ട് തൊട്ടുകാണിച്ചു തന്നിരിക്കുന്നു. നല്ല വിവരണങ്ങളും,ഫോട്ടോകളും.
കുമാറിനേ എന്തേ കുറച്ചുകാലമായിട്ട് കാണുന്നില്ലല്ലോ എന്ന് ചിന്തിച്ചിരിക്കുകയായിരുന്നു.

Binoykumar 8:14 PM  

നന്നായിരിക്കുന്നു...കൂടുതല്‍ പ്രതീക്ഷിക്കുന്നു...

Kumar Neelakandan © (Kumar NM) 9:01 PM  

കഥാകാരാ വീണ്ടും കാണാം.

ചിത്രകാരാ, തിരക്കുകള്‍ക്കിടയില്‍ കയറി കുരുങ്ങി ഒരു അജ്ഞാതവാസമായിരുന്നു.
കൂട്ടായി അല്പം ബ്ലോഗുമടുപ്പും ഉണ്ടായിരുന്നു എന്നു കൂട്ടിക്കോളൂ... എനിക്കു തോന്നുന്നു എല്ലാ ബ്ലോഗേര്‍സും ഇങ്ങനെ ഒരു സ്റ്റേജിലൂടെ കടന്നു പോകും എന്ന് തോന്നുന്നു.

ഡിങ്കാ.. ഡാ..

ദേവാ ഞാനും കണ്ടിട്ടില്ല ഇന്ത്യയുടെ നല്ലൊരു ഭാഗം. അതുപോലെ തന്നെ ഇന്ത്യയുടെ ഓരോ ഭാഗത്തിന്റെയും നല്ല ഭാഗവും.

നമ്മളുകണ്ട ഇന്ത്യ അല്ല ശരിക്കുമുള്ള ഇന്ത്യ. ഇന്ത്യ എന്താണെന്നറിയണമെങ്കില്‍ പോയി മമ്മൂട്ടിയുടെ ദി കിംഗ് എന്ന സിനിമകാണൂ..

അചിന്ത്യാമ്മോ... അത്തരത്തിലുള്ള പൂക്കച്ചവടം പാ‍ലക്കാടു മാത്രമല്ല, തമിഴ്നാടിന്റെ ചില ഭാഗങ്ങളിലും കണ്ടിട്ടുണ്ട്. ഇരക്കുകയല്ലല്ലോ തൊഴില്‍ ചെയ്യുകയല്ലെ.. ചെയ്യട്ടെ. അവര്‍ അതൊക്കെ ചെയ്യട്ടെ.

ശാലിനി, ശ്രീ, ആവശ്യമില്ലാതിരുന്നിട്ടും ആ പൂ വാങ്ങി അവന്റെ എക്സ്പ്രഷന്‍ (ഉള്ളില്‍ നിന്നും വന്നത്) കണ്ടിട്ട്. പൂ വാടിയാലും ഇതൊക്കെ വാടാതെ മനസില്‍ കിടക്കും.

അഭയാര്‍ത്ഥി രാമേട്ടാ.. മുംബൈയുടെ ഗന്ധം എനിക്കിനിയും തിരിച്ചറിയാനായിട്ടില്ല. ഓരോ തവണയും ഓരോ ഗന്ധം. പക്ഷെ എല്ലാം രൂക്ഷമാണ്.

കണ്ണൂരാന്‍ കുഞ്ഞന്‍, സന്തോഷം.

അനംഗാരി 10:09 PM  

ഈ കൂട്ടത്തില്‍ കാമാഠിപ്പുരയില്‍ നിന്നുള്ള ചിത്രങ്ങളും കാണുമോ?കാത്തിരിക്കുന്നു:)

d 10:56 PM  

കണ്ടതും കാണാത്തതുമായ മുംബൈ ചിത്രങ്ങള്‍.. നന്നായിരിക്കുന്നു..

പൈങ്ങോടന്‍ 1:09 AM  

ജീവിതത്തിന്റെ യഥാര്‍ത്ഥ മുഖങ്ങള്‍

കുറുമാന്‍ 12:22 PM  

കുമാര്‍ ഭായ്, ഇത്തവണയും പതിവുപോലെ വിവരണവും ചിത്രങ്ങളും നന്നായി.

ധാരാവിയിലെ തുകല്‍ കച്ചവടം - അതു വെറും ലോക്കല്‍ മാര്‍ക്കറ്റിലേക്കുള്ളതല്ല - പേരുകേട്ട ഇന്റര്‍നാഷണല്‍ ബ്രാന്റുകളായ, അര്‍മ്മാനി, ബര്‍ബ്ബെറി, ചാനല്‍, ഡ് & ജി, ഗുച്ചി, പ്രാഡ തുടങ്ങിയവരൊക്കെ വില്‍ക്കുന്ന ഡിസൈനര്‍വെയറുകളില്‍ മോശമല്ലാത്തൊരു പങ്ക് ഈ ധാരാവിയില്‍ നിന്നും കയറ്റിഅയക്കുന്നതാണ്.

ഉയരം കുറഞ്ഞ ജുഗ്ഗികള്‍ തന്നെ രണ്ട് തട്ടായി തിരിച്ച്,തലയൊന്നുയര്‍ത്താന്‍ പോലും കഴിയാതെ, തലകുനിച്ചിരുന്നാണ് പത്തും, പന്ത്രണ്ടും വയസ്സായ കുഞ്ഞുങ്ങള്‍ അവിടെ പണി ചെയ്യുന്നത്.

ഗോട്ട് നാപ്പാ, ഷീപ്പ് നാപ്പാ, തുടങ്ങി പശുവിന്റെ തോല്‍ വരെ കെമിക്കല്‍ പ്രൊസ്സസ്സിങ്ങ് ചെയ്ത് ഇവിടെ നിന്ന് കയറ്റിയയക്കപെടുന്നു. ഷൂ തുടങ്ങിയവയുടെ അപ്പര്‍ വേറേയും.

About Me

My photo
ഒരു ഭാര്യ, രണ്ടുകുട്ടികള്‍, ഒരു മീശ, പിന്നെ കുറേ അഹങ്കാരവും.

Followers

Basic Design : Ourblogtemplates.com

Back to TOP