Related Posts with Thumbnails

Thursday, June 14, 2007

ഞാന്‍ കണ്ട നെല്ലിയാമ്പതി #1

ഒരു യാത്രാവിവരണ ചിത്രകഥ.

പാലക്കാടുനിന്നും ഏകദേശം 50 കീലോമീറ്റര്‍ ദൂരെ. സമുദ്രനിരപ്പില്‍ നിന്നോ 1572 മീറ്റര്‍ ഉയരത്തില്‍.
അതാണ് നെല്ലിയാമ്പതി.


ഞങ്ങള്‍, ഒരുമിച്ചു ജോലിചെയ്യുന്ന ഒത്തിരിപേര്‍ നെല്ലിയാമ്പതി കയറിയത് കഴിഞ്ഞ രണ്ടാഴ്ചയ്ക്കുമുന്‍പാണ്.
ടൂറിസം എന്ന 'നാഗരികത'യുടെ കൈ അധികം നീണ്ടെത്താത്ത ഒരു മലനിര. പണ്ടിത് കൊല്ലങ്കോട് - കൊച്ചീ മഹാരാജാവിന്റെ കീഴില്‍ ആയിരുന്നു. ഇപ്പോള്‍ നെന്മാറ ഫോറസ്റ്റ് ഡിവിഷന്റെ കീഴിലും. 'പാവങ്ങളുടെ ഊട്ടി' എന്ന് തമാശയായി പറയുന്ന നെല്ലിയാമ്പതിയില്‍ വികസനം ഇനിയും കൂടിയാല്‍ അതു പാവങ്ങള്‍ക്ക് കൂടി വേണ്ടാതാകും. മലനിരയിലെ ഒരു ടൂറിസം പട്ടണമായ ഊട്ടിപോലെ, സഹ്യനിരയിലെ ഈ നെല്ലിയാമ്പതിയും മാറും.

നെന്മാറകഴിഞ്ഞുവരുമ്പോള്‍ നെല്ലിയാമ്പതിയുടെ ചന്തവും കയറ്റവും തുടങ്ങുന്നത് പോത്തുണ്ടി ഡാമില്‍ നിന്നാണ്. കാഴ്ചകള്‍ തുടങ്ങുന്നതും പോത്തുണ്ടിയില്‍ നിന്നു തന്നെ.
ഭാരതപുഴയുടെ പ്രധാന പോഷകനദിയായ ഗായത്രിപുഴയിലേക്ക് ഒഴുകി വരുന്ന പുഴയാണ് അയലൂര്‍പുഴ. അതിലേക്ക് വരുന്ന പോഷകനദികളാണ് മീഞ്ചാടിപ്പുഴയും പാടിപ്പുഴയും. അവയെ ചേര്‍ത്ത് അവയ്ക്ക് കുറുകെ കെട്ടിയ ഡാം ആണ് പോത്തുണ്ടി ഡാം. നെന്മാറയിലെ നെല്‍‌വയലുകള്‍ക്ക് ജലസേചനം നടത്തുന്നത് ഈ ഡാം ആണ്. ഇവിടെ പ്രകൃതി മരവിച്ചുകിടക്കുന്നു. പക്ഷികളുടെ ശബ്ദങ്ങള്‍ക്ക് ഇടവേള കൊടുക്കുന്നത് ഇടയ്ക്കിടെ വന്നു വളവു തിരിഞ്ഞുപോകുന്ന വാഹനങ്ങള്‍ മാത്രം. ഇവിടെ ഇറങ്ങുന്ന സഞ്ചാരികള്‍ക്കുപോലും ഉറക്കെ സംസാരിക്കാന്‍ തോന്നില്ല. ജലസംഭരണിയിലെ നിഴ്ചലമായ ജലനിരപ്പ് അത്രമാത്രം നമ്മളെ സ്വാധീനിക്കുന്നു. അതിനു പിന്നില്‍കാണുന്ന നെല്ലിയാമ്പതി മലനിരകളും.
നെല്ലിയാമ്പതി മലനിരകള്‍ ഈ വെള്ളത്തില്‍ മുഖം നോക്കുന്നത് ഇവിടുത്തെ മനോഹരമായ കാഴ്ചകളില്‍ ഒന്നാണ്.
നമ്മള്‍ കുറേ നേരം നോക്കിനിന്നാല്‍ ഒരു എണ്ണഛായ ചിത്രം പോലെ മനസില്‍ പതിയും ഈ കാഴ്ചകള്‍.നമ്മള്‍ കയറുന്നു, നെല്ലിയാമ്പതിയിലേക്ക്. ക്യാമറ റെഡിയാക്കി വയ്ക്കുക, കണ്ണുകള്‍ തുറന്നു പിടിക്കുക. ബി എസ് എന്‍ എല്‍ ഒഴികെയുള്ള മൊബൈല്‍ ഫോണുകള്‍ ഓഫുചെയ്തിടുക, ഈ ഹൈ റേഞ്ചില്‍ വേറേ ആര്‍ക്കും റേഞ്ച് ഇല്ല. (ബി എസ് എന്‍ അല്‍ ആയാലും ഓഫ് ചെയ്തിട്ടാല്‍ അതാണ് രസം) ഇവിടെനിന്നും തേക്കിന്‍ കാടുകള്‍ക്കിടയിലൂടെ നമ്മള്‍ യാത്ര തുടരണം. ഇടുങ്ങിയ വഴിയാണ്. 17 കിലോമീറ്ററോളം വളഞ്ഞുതിരിയണം നെല്ലിയാമ്പതിയില്‍ എത്താന്‍. കൂട്ടിനു ഒരുപാട് കാഴ്ചകള്‍ ഉണ്ട്. ഈ പോത്തുണ്ടി ഡാമിന്റെ ജലസംഭരണി നമ്മുടെ കണ്ണില്‍ ചെറുതായി ചെറുതായി വരും. നമ്മുടെ താഴെ നെന്മാറയും പാലക്കാടും ചുരുങ്ങിക്കുടും. ഷോളയാര്‍ ചുരം നമ്മുടെ കണ്ണില്‍ നിരന്നു കിടക്കും ഒരിക്കലും മായാത്ത ഒരു കാഴ്ചയായിട്ട്.
മഴ സമയം ആണ്. നെല്ലിയാമ്പതി എത്താറാകുമ്പോള്‍ മലയിറങ്ങിവരുന്ന കോടമഞ്ഞ് ഒരു നിമിഷം കൊണ്ട് ചുറ്റും മറയ്ക്കും. നമ്മള്‍ മുഖത്തോട് മുഖം നോക്കി അതിശയചിരി ചിരിക്കും.തുടരും.

(കണ്ണൂരാന്‍ രണ്ടുദിവസം മുന്‍പ് നെല്ലിയാമ്പതിയുടെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരുന്നു, അതിവിടെ കാണാം)

Saturday, June 09, 2007

നടക്കാനിറങ്ങിയ ജീവബിന്ദുക്കള്‍.ഈ കാഴ്ചകണ്ടപ്പോള്‍ ഇതിഹാസത്തിലെ ഒരു കുഞ്ഞിക്കഥ ഓര്‍മ്മവന്നു. അതിന്റെ ഒരു രസത്തില്‍ ക്ലിക്ക് ചെയ്തതാണ്.


പണ്ടുപണ്ട്, ഓന്തുകള്‍കും മുന്‍പ്, ദിനോസ്രുകള്‍ക്കും മുന്‍പ്, ഒരു സായാഹ്നത്തില്‍ രണ്ടു ജീവബിന്ദുക്കള്‍ നടക്കാനിറങ്ങി. അസ്തമയത്തിലാറാടിനിന്ന ഒരു താഴ്വരയിലെത്തി.

ഇതിന്റെ അപ്പുറം കാണണ്ടേ? ചെറിയ ബിന്ദു വലിയതിനോടു ചോദിച്ചു.
പച്ചപിടിച്ച താഴ്വര, ഏട്ടത്തിപറഞ്ഞു. ഞാനിവിടെത്തന്നെ നില്ക്കട്ടെ.
എനിക്കു പോകണം, അനുജത്തി പറഞ്ഞു.
അവളുടെ മുന്‍പില്‍ കിടന്ന അനന്തപഥങ്ങളിലേക്ക് അനുജത്തി നോക്കി.
നീ ചേച്ചിയെ മറക്കുമോ? ഏട്ടത്തി ചോദിച്ചു.
മറക്കില്ല, അനുജത്തി പറഞ്ഞു.
മറക്കും, ഏട്ടത്തി പറഞ്ഞു. ഇതു കര്‍മ്മപരമ്പരയുടെ സ്നേഹരഹിതമായ കഥയാണ്. ഇതില്‍ അകല്‍ച്ചയും ദുഃഖവും മാത്രമേയുള്ളൂ.അനുജത്തി നടന്നകന്നു. അസ്തമയത്തിന്റെ താഴ്വരയില്‍ ഏട്ടത്തി തനിച്ചു നിന്നു. പായല്‍ക്കുരുന്നില്‍ നിന്ന് വീണ്ടുമവള്‍ വളര്‍ന്നു. അവള്‍ വലുതായി. വേരുകള്‍ പിതൃക്കളുടെ കിടപ്പറയിലേക്കിറങ്ങി. മൃതിയുടെ മുലപ്പാലു കുടിച്ച് ചില്ലകള്‍ പടര്‍ന്നു തിടംവച്ചു. കണ്ണില്‍ സുറുമയും കാലില്‍ തണ്ടയുമിട്ട ഒരു പെണ്‍കുട്ടി ചെതലിയുടെ താഴ്വരയില്‍ പൂവിറുക്കാനെത്തി. അവിടെ തനിച്ചു നിന്ന ചമ്പകത്തിന്റെ ചില്ലയൊടിച്ചു പൂ നുള്ളിയപ്പോള്‍ ചമ്പകം പറഞ്ഞു, അനുജത്തീ, നീയെന്നെ മറന്നുവല്ലോ..


-ഖാസാക്കിന്റെ ഇതിഹാസത്തില്‍ നിന്ന്.


കഥയ്ക്കുള്ളിലെ കൊച്ചുകഥകള്‍ മലയാളസാഹിത്യത്തില്‍ അനവധിയാണ്. പക്ഷെ ഈ ജീവ ബിന്ദുക്കളുടെ കഥപോലെ മലയാളവായനക്കാര്‍ മറക്കാത്ത കഥകള്‍ കുറവാണ്. വിജയന്‍ പറഞ്ഞ ജീവബിന്ദുക്കളുടെ കഥ എനിക്കു പ്രിയങ്കരമായ ഒന്നാണ്. ഈ താഴ്വര നെല്ലിയാമ്പതിയിലാണ്.

ബ്ലോഗു ചെയ്തു തുടങ്ങുന്ന സമയത്ത് ഈ കഥയുടെ ക്ലൈമാക്സ് മാറ്റി ഒരു അക്രമണം നടത്തിയിരുന്നു ഞാന്‍. അത് ഇവിടെ വായിക്കാം. (എനിക്ക് ഈ കഥയില്‍ ആരെങ്കിലും കൈവിഷം തന്നോ?)

About Me

My photo
ഒരു ഭാര്യ, രണ്ടുകുട്ടികള്‍, ഒരു മീശ, പിന്നെ കുറേ അഹങ്കാരവും.

Followers

Basic Design : Ourblogtemplates.com

Back to TOP