Friday, March 14, 2008
Wednesday, October 31, 2007
മുഖങ്ങള്‍ #04 സൈക്കിളിനൊപ്പം!
സദാശിവന്‍ എന്നാണ് ശരിക്കുള്ള പേര്. പക്ഷെ അങ്ങനെ പറഞ്ഞാല്‍ ഞങ്ങളുടെ നാട്ടില്‍ പലര്‍ക്കും അറിയില്ല. ഞങ്ങള്‍ക്കൊരു വിളിപ്പേരുണ്ട്. അത് ഞങ്ങള്‍ ഇഷ്ടത്തോടെ വിളിക്കുന്നതാണ്. ഞങ്ങള്‍ നെടുമങ്ങാട്ടുകാര്‍ക്കുമാത്രം അവകാശപ്പെട്ട വിളിപ്പേരാണ്. അതുകൊണ്ട്തന്നെ പുറം ലോകം അവര്‍ വിളിക്കുന്ന ‘മേസ്തിരി‘ എന്നറിഞ്ഞാല്‍ മതി.
ഞാന്‍ കണ്ടുതുടങ്ങിയ കാലം മുതല്‍ ഈ മേസ്തിരിക്ക് ഒരു എക്സ്ട്രാ അവയവംപോലെ തന്നെ ഈ സൈക്കിള്‍ ഉണ്ട്. അതുകൊണ്ടുതന്നെ സൈക്കിള്‍ ഇല്ലാതെ ഒരു ചിത്രമെടുക്കുക എന്നത് എന്നെ സംബന്ധിച്ചിടത്തോളം അസാധ്യവും അപൂര്‍ണ്ണവുമായ ഒരു ക്ലിക്കായി പോകും. അതിന്റെ ഹാന്റിലില്‍ പിടിക്കാതെ നില്‍ക്കുക എന്നത് മേസ്തിരിക്കും ബുദ്ധിമുട്ടുള്ള കാര്യമാണ്.
എന്റെ കുട്ടിക്കാലത്ത് ഞങ്ങടെ വീടിനു മുന്നിലുള്ള കയറ്റം (ഞങ്ങളുടെ ഭാഷയില്‍ ‘തേരി’) സൈക്കിളില്‍ ഇരുന്നു തന്നെ ചവിട്ടികയറുമായിരുന്നു മേസ്തിരി. തിരികെ വരുമ്പോള്‍ ആ ഇറക്കം സൈക്കിളിന്റെ ഹാന്റിലില്‍ ഒരു കൈവിട്ടും ചിലപ്പോള്‍ രണ്ടു കൈവിട്ടും മേസ്തിരി ഞങ്ങളുടെ ആരാധനാ പാത്രമാകും. ഇന്നും ആ പെര്‍ഫോര്‍മന്‍സിനു ഇളക്കമില്ല.
‘റേഡിയോ-കാലഘട്ടത്തില്‍’ ടെക്നിക്കലി വളരെ അപ്‌ഡേറ്റഡ് ആയിരുന്നു മേസ്തിരി. വിവിധഭാരതി കിട്ടുന്നില്ലെങ്കില്‍ അതിന്റെകാരണഭൂതമായി സര്‍ക്യൂട്ട് ബോര്‍ഡില്‍ ഇരുന്ന് ‘കിറുകിറുക്കണത്’ എന്താണെന്ന് മേസ്തിരിക്ക് അറിയാം. നന്നായി ചൂടാക്കിയാല്‍ സോള്‍ഡറിങ് അയണ്‍ എന്ന ആയുധത്തെ വെല്ലുന്ന ഉപകരണങ്ങള്‍ മേസ്തിരിയുടെ കയ്യിലുണ്ടായിരുന്നു അന്ന്. എത്ര ബുദ്ധിമുട്ടിയാലും ‘വിവിധഭാരതി‘ യില്‍ നിന്നും പാട്ടുവച്ചിട്ടേ മേസ്തിരിക്ക് വിശ്രമമുണ്ടാകൂ.
എന്തിലും സശയങ്ങള്‍ ചോദിച്ച് സ്വയം അപ്‌ഡേറ്റ് ചെയ്യുന്ന സ്വഭാവക്കാരന്‍. (അതിനു മുന്‍പ് തന്റെ ‘സ്വയം ശ്രമങ്ങളും‘ പരീക്ഷണങ്ങളും മുഴുവനും നടത്തിയിരിക്കും) അറിവിനോടുള്ള ദാഹമായിട്ടാണ് എനിക്ക് പലതും തോന്നിയിട്ടുള്ളത്.
ഞങ്ങള്‍ക്ക് പ്രിയപ്പെട്ടവനായ ഈ മനുഷ്യനെ അദ്ദേഹത്തിനു പ്രിയപ്പെട്ട സൈക്കിള്‍ അടക്കം ഞാന്‍ എന്റെ ബ്ലോഗ് ചുമരില്‍ പതിക്കുന്നു, സന്തോഷത്തോടെ!
Posted by Kumar Neelakandan © (Kumar NM) at 12:40 PM 27 അഭിപ്രായങ്ങള്‍
Labels: ജീവിതം, നാട്ടുംപുറം, മുഖങ്ങള്‍, വേറിട്ട കാഴ്ചകള്‍
Monday, May 21, 2007
മുഖങ്ങള്‍ #03 പാത്ത.
'പാത്ത' എന്നായിരുന്നു പണ്ടു മുതല്‍ എല്ലാവരും പാത്തയെ വിളിച്ചിരുന്നത്.
“ഡാ ഹരീ, പാത്തേരേ ശരിക്കൊള്ള പേര് പാര്‍വതീന്ന് അല്ലീ?” അങ്ങേത്തലയ്ക്കല്‍ അമ്മ അടുത്തുണ്ടായിരുന്ന ഹരിയോട് ചോദിക്കുന്നു.ഹരി പറയുന്നതെനിക്ക് കേള്‍ക്കാം,
പാര്‍വതി. അങ്ങനെ ഞാന്‍ ആദ്യമായി പാത്തയുടെ പേര്‍ അറിഞ്ഞു.
വോട്ടേര്‍സ് ലിസ്റ്റിലും റേഷന്‍ കാര്‍ഡിലും മാത്രം സ്വന്തം നാമം ഒളിപ്പിച്ചു വച്ച് ജീവിക്കുന്ന ഒട്ടനവധി പേര്‍ നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ ഉണ്ട്.
Posted by Kumar Neelakandan © (Kumar NM) at 10:57 PM 24 അഭിപ്രായങ്ങള്‍
Labels: ജീവിതം, നാട്ടുംപുറം, മുഖങ്ങള്‍, വേറിട്ട കാഴ്ചകള്‍
Tuesday, May 08, 2007
ചക്കക്കൂട്ടായ്മ.
ഒരു വലിയ അമ്മച്ചിപ്ലാവിന്റെ തടിയില്‍ കിളുര്‍ത്ത ഒരു ഞെട്ടിലെ പൂക്കള്‍ വിരിഞ്ഞാണ് ഈ കൂട്ടായ്മ ഉണ്ടായത്. കൂട്ടായ്മ കുറച്ചുകാലമേ നിലനില്‍ക്കൂ, കാരണം ഓരോരുത്തരും പല നിലവാരത്തിലും വലിപ്പചെറുപ്പത്തിലും ആയതുകൊണ്ടാവും ഇവര്‍ക്ക് ഒരുമിച്ചു വളരാനാവില്ല.
വളര്‍ച്ചയുടെ നല്ലകാലത്തുതന്നെ ചിലരൊക്കെ വല്യമ്മച്ചിയുടെ കറിക്കത്തിയ്ക്കടിപ്പെട്ട് ‘കറി‘യായി മാറും. ചിലര്‍ അവിടെ നിന്ന് പഴുത്ത് സ്വയം മണത്തുരസിക്കും. അകലെയുള്ള ചില്ലകളില്‍ ഇരുന്നു കാക്കകള്‍, കറുപ്പില്‍ ആണ്ടുകിടക്കുന്ന തങ്ങളുടെ കൊതിയന്‍ കണ്ണുകള്‍ ചരിച്ചു ഇവരെ നോക്കും. പാകമായി എന്ന് ഉറപ്പുവരുമ്പോള്‍ പാഞ്ഞുവന്ന് കൊത്തും. കുറച്ചുകഴിയുമ്പോള്‍ ഈ കൂട്ടായ്മ നിലത്തുവീണു പൊട്ടിചിതറും. ഈച്ചയാര്‍ക്കും. പിന്നെ അത് കാലത്തിന്റെ കടന്നുപോകലിന്റെ പാടുകള്‍ക്കുള്ളില്‍ മറയും.
ഈ കൂട്ടായ്മ ഓര്‍മ്മയാകുമ്പോള്‍ ആ തള്ളത്തടിയില്‍ അടുത്ത മുളപൊട്ടും. ഒരുപാടിടങ്ങളില്‍ ഒറ്റപ്പെട്ട കുഞ്ഞിപൂക്കള്‍ തള്ളത്തടിയോട് ചേര്‍ന്ന് നിന്നു ചിരിക്കും. ചിലതൊക്കെ പുഷ്പിക്കലിന്റെ സന്തോഷത്തില്‍ തന്നെ കരിഞ്ഞുനിലം പറ്റും. ചിലത് ആ അമ്മത്തടിയില്‍ നിന്നും ഒരുപാട് ഊര്‍ജ്ജം വലിച്ചെടുത്ത് വളരും. ചിലത് ഇടയ്ക്ക് വച്ച് വളര്‍ച്ചമുറ്റും. ഒരു കാഴ്ചവസ്തുപോലെ അവിടെ വെറുതേ തൂങ്ങിനില്‍ക്കും.
ചില ശിഖരങ്ങളില്‍ ഇതുപോലെ തന്നെ പുതിയ കൂട്ടായ്മ വിളയും. പരസ്പരം കെട്ടിപ്പിടിച്ച് വളരും. പഴുത്തുവീഴാന്‍ വേണ്ടി.
അങ്ങനെ അങ്ങനെ.. പുതിയത് പഴയതായും പഴയതിന്റെ രുചിക്കും ചീഞ്ഞുനാറ്റത്തിനും മുകളില്‍ പുതിയവ വിളഞ്ഞു എല്ലാം ചേര്‍ന്ന് ഒരു ചക്രം പോലെ കറങ്ങിക്കൊണ്ടിരിക്കും. അത് അനിവാര്യതയാണ്.
പക്ഷെ ഈ അമ്മച്ചിപ്ലാവ് മാത്രം അങ്ങനെ നിലനില്‍ക്കും. കാരണം അതിനു നശിക്കാനാവില്ല. അതിന്റെ വേരുകള്‍ അത്രമാത്രം ആഴങ്ങളിലാണ്.
Posted by Kumar Neelakandan © (Kumar NM) at 2:25 AM 55 അഭിപ്രായങ്ങള്‍
Labels: നാട്ടുംപുറം
Friday, September 15, 2006
ലഞ്ച് ബ്രേക്ക്.
മഴകഴിഞ്ഞ ഇടവേളയില്‍ ശബ്ദമുള്ള കൂട്ടമായ് അവരിറങ്ങി, മഴവെള്ളം ഇറ്റു നില്‍ക്കുന്ന തളിരുകടിക്കാന്‍.
തലവെട്ടിച്ച് ചെവികുടഞ്ഞ് അഹ്ലാദസ്വരം ഉയര്‍ത്തി അവര്‍ മഴയുടെ ഇടയില്‍ കിട്ടിയ ലഞ്ച് ബ്രേക്ക് ആഘോഷിക്കുകയായിരുന്നു.
വിശപ്പുസഹിച്ച് കാഴ്ചക്കാരായി ഞങ്ങളും.
Posted by Kumar Neelakandan © (Kumar NM) at 12:35 PM 34 അഭിപ്രായങ്ങള്‍
Labels: നാട്ടുംപുറം
Tuesday, June 06, 2006
താഴേയ്ക്ക് നോക്കുമ്പോള്‍.
...കോരികുടിച്ചെന്തു മധുരമെന്നോതുവാന്‍ മോഹം.
Posted by Kumar Neelakandan © (Kumar NM) at 12:37 PM 15 അഭിപ്രായങ്ങള്‍
Labels: നാട്ടുംപുറം
Wednesday, April 12, 2006
വീട്ടുകാരന്‍..
വിഷു ഇങ്ങടുത്തെത്തി. വിരുന്നുകാരെ കാരെ വിളിക്കാന്‍ ആളുമെത്തി. കദളിവാഴക്കൈ തന്നെ വേണമെന്നില്ല, കല്‍ച്ചുവരായാലും മതി.
എന്റെ ചിത്രങ്ങളില്‍ ഒരുപാട് കാക്കകള്‍ കടന്നു വരുന്നു എന്നറിയാം. ഇനിയും ഞാന്‍ കാക്കചിത്രങ്ങള്‍ ഇവിടെ പതിച്ചാലും ക്ഷമിക്കു സുഹൃത്തുക്കളെ, കാക്ക എന്റെ ഒരു വീക്ക്നെസ്സായിപ്പോയി. കാക്കയെപ്പോലെ നമ്മുടെ ജീവിതവുമായി ഇഴുകിചേര്‍ന്നിരിക്കുന്ന വേറേ ഏതു പക്ഷിയാണുള്ളത്? ഉണ്ണിക്കയ്യില്‍ ഇരുന്നു വിറയ്ക്കുന്ന നെയ്യപ്പത്തില്‍ തുടങ്ങി എള്ളും അരിയും കലര്‍ന്നുവെന്ത മൂന്നുരുള ബലിച്ചോറില്‍ വരെ അവനുമായി നമ്മള്‍ ബന്ധപ്പെട്ടുകിടക്കുന്നു. കാക്ക നീണാള്‍ വാഴട്ടെ, ബലിച്ചോറുകളില്‍ കോഴികൊത്താതിരിക്കാന്‍ വേണ്ടിയെങ്കിലും.
Posted by Kumar Neelakandan © (Kumar NM) at 3:47 AM 6 അഭിപ്രായങ്ങള്‍
Labels: നാട്ടുംപുറം, വേറിട്ട കാഴ്ചകള്‍
Saturday, March 11, 2006
ഉത്സവം.
ഇവിടെ നാട്ടില്‍ ഉത്സവങ്ങളുടെ തുടിമേളം തുടങ്ങി. മറ്റൊരു പൊതുതെരഞ്ഞെടുപ്പിന്റെ കൊടിയേറ്റവും.
രണ്ടും നാടുകാക്കുന്ന പരദൈവങ്ങള്‍ക്ക് വേണ്ടിയാണെന്നുള്ളതാണ് ആകെ ഒരു സമാധാനം.
ആര്‍പ്പോ..... ഇര്‍ര്‍ര്‍റോ....
Posted by Kumar Neelakandan © (Kumar NM) at 5:45 PM 5 അഭിപ്രായങ്ങള്‍
Labels: നാട്ടുംപുറം
Thursday, December 01, 2005
പച്ചപ്പഴം
പലതരം പരുക്കുകളോടെ പഴുത്തുവരുന്ന പഴം. നമ്മുടെ പാവം പഴം.
Posted by Kumar Neelakandan © (Kumar NM) at 7:02 PM 22 അഭിപ്രായങ്ങള്‍
Labels: നാട്ടുംപുറം
Wednesday, August 17, 2005
വിരുന്നുകാരെത്തുന്നു
മഴ നിന്നു, മാനവും മനസും ഉറച്ചു. ഓണത്തിനും വിരുന്നുകാർക്കും മുന്നോടിയായ് അവരെത്തി. ഇനി ഉണ്ടാവും നമ്മുടെ ചുറ്റുവട്ടങ്ങളിൽ. ഉച്ഛിഷ്ടത്തിനെ ഒരു ഏറ് മതി, ഓണമുണ്ട ഒരു സമൃദ്ധിയ്ക്ക്..
Posted by Kumar Neelakandan © (Kumar NM) at 3:46 PM 3 അഭിപ്രായങ്ങള്‍
Labels: നാട്ടുംപുറം
ഓണമൊരുങ്ങുന്നു...
Posted by Kumar Neelakandan © (Kumar NM) at 3:29 PM 3 അഭിപ്രായങ്ങള്‍
Labels: നാട്ടുംപുറം
Wednesday, August 10, 2005
നാട്ടുവഴി
ഈ തിരിവിലെവിടയോ നമ്മുടെ ബാല്യം ഒളിച്ചിരുന്നു, ഈ ചില്ലകളിലെവിടെയോ നമ്മുടെ കൌമാരം കൂടുവച്ചിരുന്നു.
എല്ലാമെറിഞ്ഞുടച്ച് നനഞ്ഞമണ്ണിൽ ചവിട്ടി നാമെങ്ങോ നടന്നകന്നുപോയ്.
അവിടെ വഴിമാത്രം ബാക്കിയായ്.
ഇന്നു വഴിയുമില്ല ബാക്കി.
Posted by Kumar Neelakandan © (Kumar NM) at 8:43 PM 17 അഭിപ്രായങ്ങള്‍
Labels: നാട്ടുംപുറം



