Related Posts with Thumbnails

Wednesday, October 31, 2007

മുഖങ്ങള്‍ #04 സൈക്കിളിനൊപ്പം!





സദാശിവന്‍ എന്നാണ് ശരിക്കുള്ള പേര്. പക്ഷെ അങ്ങനെ പറഞ്ഞാല്‍ ഞങ്ങളുടെ നാട്ടില്‍ പലര്‍ക്കും അറിയില്ല. ഞങ്ങള്‍ക്കൊരു വിളിപ്പേരുണ്ട്. അത് ഞങ്ങള്‍ ഇഷ്ടത്തോടെ വിളിക്കുന്നതാണ്. ഞങ്ങള്‍ നെടുമങ്ങാട്ടുകാര്‍ക്കുമാത്രം അവകാശപ്പെട്ട വിളിപ്പേരാണ്. അതുകൊണ്ട്തന്നെ പുറം ലോകം അവര്‍ വിളിക്കുന്ന ‘മേസ്തിരി‘ എന്നറിഞ്ഞാല്‍ മതി.


ഞാന്‍ കണ്ടുതുടങ്ങിയ കാലം മുതല്‍ ഈ മേസ്തിരിക്ക് ഒരു എക്സ്ട്രാ അവയവംപോലെ തന്നെ ഈ സൈക്കിള്‍ ഉണ്ട്. അതുകൊണ്ടുതന്നെ സൈക്കിള്‍ ഇല്ലാതെ ഒരു ചിത്രമെടുക്കുക എന്നത് എന്നെ സംബന്ധിച്ചിടത്തോളം അസാധ്യവും അപൂര്‍ണ്ണവുമായ ഒരു ക്ലിക്കായി പോകും. അതിന്റെ ഹാന്റിലില്‍ പിടിക്കാതെ നില്‍ക്കുക എന്നത് മേസ്തിരിക്കും ബുദ്ധിമുട്ടുള്ള കാര്യമാണ്.


എന്റെ കുട്ടിക്കാലത്ത് ഞങ്ങടെ വീടിനു മുന്നിലുള്ള കയറ്റം (ഞങ്ങളുടെ ഭാഷയില്‍ ‘തേരി’) സൈക്കിളില്‍ ഇരുന്നു തന്നെ ചവിട്ടികയറുമായിരുന്നു മേസ്തിരി. തിരികെ വരുമ്പോള്‍ ആ ഇറക്കം സൈക്കിളിന്റെ ഹാന്റിലില്‍ ഒരു കൈവിട്ടും ചിലപ്പോള്‍ രണ്ടു കൈവിട്ടും മേസ്തിരി ഞങ്ങളുടെ ആരാധനാ പാത്രമാകും. ഇന്നും ആ പെര്‍ഫോര്‍മന്‍സിനു ഇളക്കമില്ല.


‘റേഡിയോ-കാലഘട്ടത്തില്‍’ ടെക്നിക്കലി വളരെ അപ്‌ഡേറ്റഡ് ആയിരുന്നു മേസ്തിരി. വിവിധഭാരതി കിട്ടുന്നില്ലെങ്കില്‍ അതിന്റെകാരണഭൂതമായി സര്‍ക്യൂട്ട് ബോര്‍ഡില്‍ ഇരുന്ന് ‘കിറുകിറുക്കണത്’ എന്താണെന്ന് മേസ്തിരിക്ക് അറിയാം. നന്നായി ചൂടാക്കിയാല്‍ സോള്‍ഡറിങ് അയണ്‍ എന്ന ആയുധത്തെ വെല്ലുന്ന ഉപകരണങ്ങള്‍ മേസ്തിരിയുടെ കയ്യിലുണ്ടായിരുന്നു അന്ന്. എത്ര ബുദ്ധിമുട്ടിയാലും ‘വിവിധഭാരതി‘ യില്‍ നിന്നും പാട്ടുവച്ചിട്ടേ മേസ്തിരിക്ക് വിശ്രമമുണ്ടാകൂ.
എന്തിലും സശയങ്ങള്‍ ചോദിച്ച് സ്വയം അപ്‌ഡേറ്റ് ചെയ്യുന്ന സ്വഭാവക്കാരന്‍. (അതിനു മുന്‍പ് തന്റെ ‘സ്വയം ശ്രമങ്ങളും‘ പരീക്ഷണങ്ങളും മുഴുവനും നടത്തിയിരിക്കും) അറിവിനോടുള്ള ദാഹമായിട്ടാണ് എനിക്ക് പലതും തോന്നിയിട്ടുള്ളത്.


ഞങ്ങള്‍ക്ക് പ്രിയപ്പെട്ടവനായ ഈ മനുഷ്യനെ അദ്ദേഹത്തിനു പ്രിയപ്പെട്ട സൈക്കിള്‍ അടക്കം ഞാന്‍ എന്റെ ബ്ലോഗ് ചുമരില്‍ പതിക്കുന്നു, സന്തോഷത്തോടെ!

Friday, October 26, 2007

ഊട്ടുപുരയുടെ നാലുകെട്ടില്‍.

ആലപ്പുഴയില്‍ നിന്ന് ചേര്‍ത്തലയ്ക്കു വരുന്ന വഴിയില്‍ ഇടതുവശത്തായി കാണാം ട്രാവങ്കൂര്‍ പാലസ്.
ഇത് ഒരു പഴയ കൊട്ടാരമല്ല, ഒരു റെസ്റ്റോറന്റ് ആണ്.
പഴയ നാലുകെട്ടുപോലെ ഒന്നു പുതിയതായി ഉണ്ടാക്കിയിരിക്കുന്നു. കുറേ കാലങ്ങള്‍ക്ക് മുന്‍പ് അവിടെ പോയപ്പോള്‍ എടുത്ത ചിത്രങ്ങള്‍.

നടുമുറ്റം. ഇതിന്റെ ചുറ്റുമാണ് ആഹാരം കഴിക്കാനിരിക്കുന്ന ടേബിളുകള്‍ ക്രമീകരിച്ചിരിക്കുന്നത്.
അറ. ശരിക്കും അറ തന്നെ.


റോഡിന്റെ എതിരെയുള്ള വശത്തെ സോപാനം. ചുറ്റും ചെമ്പകങ്ങളും താഴെ ഓട്ടുരുളികളില്‍ പൊഴിഞ്ഞുവീണു കിടക്കുന്ന പൂക്കളും.


മൊത്തത്തില്‍ ഇവിടെ നിന്നും മനസുവിട്ടുവരാന്‍ കുറച്ചു സമയം എടുക്കുന്ന കാഴ്ചകള്‍ തന്നെയാണ്. അഞ്ചുവര്‍ഷം മുന്‍പ് ഇവിടെ ഒരു തുണിക്കടയുടെ പരസ്യം ഷൂട്ട് ചെയ്യാന്‍ പോയപ്പോള്‍ കണ്ടതുപോലെ തന്നെ ഇപ്പോഴും ഇത് മെയിന്റെയിന്‍ ചെയ്ത് നിലനിര്‍ത്തിയിരിക്കുന്നു.

ഇവിടെ ഒരുക്കിയിരിക്കുന്ന ആഹാരത്തിന്റെ രുചിയും എടുത്തു പറയേണ്ടതു തന്നെ. പക്ഷെ മറ്റു ചില തീം റെസ്റ്റോറന്റുകള്‍ ചാര്‍ജ്ജ് ചെയ്യുന്നതു വച്ചു നോക്കുമ്പോള്‍ ഇവിടുത്തെ വില അമിതം എന്നു പറയാനാവില്ല. തിരുവനന്തപുരം - എറണാകുളം പോകുന്ന ഫോര്‍വീല്‍ യാത്രക്കാരാണ് അധികവും ഇരപിടിക്കാനെത്തുന്നത്.


വെള്ളാപ്പള്ളിയുടെ വകയാണ് ഈ സ്ഥാപനം എന്നാണ് അറിയാന്‍ കഴിഞ്ഞത്.

About Me

My photo
ഒരു ഭാര്യ, രണ്ടുകുട്ടികള്‍, ഒരു മീശ, പിന്നെ കുറേ അഹങ്കാരവും.

Followers

Basic Design : Ourblogtemplates.com

Back to TOP