Related Posts with Thumbnails

Tuesday, December 18, 2007

തിളക്കമില്ലാത്ത മുംബൈ #02 (തീര്‍ന്നു!)

മുംബൈയുടെ സ്വന്തമാണ് വിഗ്നേശ്വരന്‍. മുംബൈയുടെ ഉത്സവം ഗണേശ ഉത്സവവും. വിനായകചതുര്‍ത്ഥിയോടനുബന്ധിച്ചു നടക്കുന്ന ഉത്സവത്തിനുവേണ്ടി വളരെ നാളുകള്‍ക്കു മുന്‍പുതന്നെ മുംബൈ തയ്യറെടുക്കുന്നു.



കച്ചവടക്കാര്‍ക്കും രാഷ്ടീയക്കാര്‍ക്കും ഒരു മുതലെടുപ്പിന്റെ വേദിയാണ് ഗണേശ‌ഉത്സവം. അതിന്റെ ആദ്യപടിയാണ് പ്ലാസ്റ്റിക് കവറുകളില്‍ കടകളില്‍ നിരന്നിരിക്കുന്ന ഗണപതി.
ഗണപതി ബപ്പ മോറിയ!




ജനബാഹുല്യമേറുമ്പോള്‍ കാലുകുത്താനുള്ള മണ്ണ് പോരാതെ വരുന്നു. ആകാശം മുട്ടുന്ന അടുക്കിവയ്പ്പ് ജീവിതത്തിനും എവിടെയൊക്കെയോ പരിധികളുണ്ടാകുന്നു. പ്രകൃതിയെ തോല്‍പ്പിക്കലാണ് പിന്നെ അടുത്തവഴി. കടലില്‍ മണ്ണിട്ട് ഭൂമിയാക്കുന്നു. അവിടെ കുടിവയ്പ്പ് നടത്തുന്നു. അവിടേയും അബരചുംബികള്‍ തങ്ങളുടെ കൂര്‍ച്ചുണ്ട് മുകളിലേക്കുയര്‍ത്തുന്നു. റീക്ലമേഷന്‍ എന്ന വാക്ക് മുംബൈക്കാര്‍ക്ക് വളരെ പരിചിതമാണ്. ബാന്ദ്രയിലെ റീക്ലമേഷന്‍ ലാന്റ് ആണ് ചിത്രത്തില്‍. ഒരു മുനമ്പില്‍ മണ്ണിട്ട് ഭൂമിവലുതാക്കുമ്പോള്‍ മറുവശത്തുകൂടി പാലം കെട്ടി ഒന്നിപ്പിക്കുന്നു. കൈകള്‍ കോര്‍ത്ത് കടലിനെ തോല്‍പ്പിക്കുന്നു. നവി മുംബൈ ഒക്കെ ഇത്തരത്തില്‍ വളര്‍ന്നതാണ് എന്നാണ് ടാക്സിക്കാരില്‍ നിന്നുള്ള കേട്ടറിവ്.




കൌതുകമുണത്തുന്ന കാഴ്ചയാണിത്. എല്ലാ റിക്ഷാകളിലും തൊട്ടാല്‍ പൊട്ടുന്ന ബോംബുപോലെയാണ് ട്രിപ്പ് മീറ്റര്‍ ഘടിപ്പിച്ചിട്ടുള്ളത്. ചില റിക്കുകളില്‍ അതിനേക്കാള്‍ വേഗത്തില്‍ ഓടുന്ന ട്രിപ്പ് മീറ്ററുകള്‍ ആണ്. അതോര്‍ക്കുമ്പോള്‍ അങ്ങനെ എഴുതി ഒട്ടിക്കുന്നതില്‍ അതിശയമില്ല. എങ്കിലും കൊച്ചിയുടെ അത്രയും ഭയാനകമായ ബോംബല്ല മുംബൈ മീറ്ററുകള്‍.




വെസ്റ്റ് ബാന്ദ്രയിലെ ലിങ്കിങ് റോഡ് ആണിത്. ഇന്ത്യയുടെ പുതിയൊരു സംസ്കാരം ഇവിടെ മുഖത്തോട് മുഖം നോക്കി പരസ്പരം കവിള്‍ മിനുക്കുന്നു. കെ എഫ് സി യും മക്‍ഡോണള്‍ഡ്സും. അവിടേയും ഇവിടേയും ഇരിക്കുന്നവര്‍ക്ക് പരസ്പരം കാണാം.




മുകളില്‍ പറഞ്ഞ രണ്ടു സംസ്കാരവും മുഖം തിരിക്കുന്നത് എന്നും ഇവര്‍ക്കു നേരേയാണ്.
അടുത്ത ഇന്ത്യന്‍ തലമുറയിലെ തന്നെ രണ്ടുമുഖങ്ങളില്‍ ഒന്നിനെ ഒക്കത്തും ഒന്നിനെ ഒപ്പവും കൂട്ടി കെ എഫ് സിയുടെ മുന്നില്‍ കൈനീട്ടുന്ന സ്ത്രീ. അതിന്റെ മുന്നിലെ കെ എഫ് സിയുടെ കോര്‍പ്പറേറ്റ് നിറമായ മഞ്ഞയും ചുവപ്പും ടൈലുകള്‍ പാകിയ നടപ്പാതയില്‍ പോലും കൈനീട്ടാനുള്ള സ്വാതന്ത്ര്യം ഇവര്‍ക്ക് നിരസിച്ചിരിക്കുന്നു. അവരുടെ കൈകള്‍ക്കും കണ്ണുകള്‍ക്കും നേരേ സെക്കൂരിറ്റിക്കാരന്റെ മുളവടികള്‍ നീണ്ടു ചെല്ലുന്നു.

തങ്ങള്‍ക്കെതിരെ വടിയോങ്ങുന്നവര്‍ക്കെതിരെ ആ അമ്മ മുഖം തിരിച്ചപ്പോഴും തനിക്ക് മനസിലാകാത്ത സംസ്കാരത്തെ തനിക്കു പാകമാകത്ത ഉടുപ്പിന്റെ ഉള്ളില്‍ പകയോടെ നോക്കി നില്‍ക്കുന്ന ആ കുഞ്ഞന്‍ വളര്‍ന്നുവരുന്നത് ജീവിക്കാനുള്ള ഒരു ചെറുത്തുനില്‍പ്പിന്റെ നിഴലിലാണ്. ഇന്നത്തെ മുംബൈ അവനെ എന്താക്കും എന്ന് ചിന്തിക്കുക അസാദ്ധ്യം. അവന്റെ തിളക്കം വറ്റിയ കണ്ണുകള്‍ക്ക് മുന്നില്‍ എന്റെ മുംബൈ കാഴ്ചകള്‍ അവസാനിക്കുകയാണ്.

നന്ദി.

(തിളക്കമില്ലാത്ത മുംബൈ #01 ഇവിടെ കാണാം)

Monday, December 03, 2007

തിളക്കമില്ലാത്ത മുംബൈ #01

കണ്ടാല്‍ തീരാത്തതാണ് മുംബൈ. നരിമാന്‍ പോയിന്റും കൊളാബയും മറൈന്‍ ഡ്രൈവും ഒക്കെയായ നഗരചിത്രത്തിന്റെ തിളക്കത്തിനും ജൂഹുവിന്റെ വിശാലതയ്ക്കും അപ്പുറമാണ് മുംബൈ ‘ജീവിക്കുന്നത്’. അതു കാണാന്‍ എന്റെ ഈ രണ്ടുകണ്ണും പിന്നെ ഡിജിറ്റല്‍ ലെന്‍സ് വച്ച മൂന്നാമത്തെ കണ്ണും പോരാ.

എങ്കിലും പലപ്പോഴായി കണ്ടതില്‍ നിറമധികം ഇല്ലാത്തതിന്റെ നേരേ മാത്രം ലെന്‍സ് തിരിക്കാന്തോന്നി. അതില്‍ ചിലതൊക്കെ ഇവിടെ പതിക്കാം.


രാത്രിയാണ് മുംബൈയുടെ ജീവന്‍. (പണ്ടൊക്കെ കൂടുതലും ജീവനെടുക്കലായിരുന്നു). രാത്രിയുടെ ജീവനും അതിന്റെ മിടിപ്പും എന്നു പറയുന്നത് മഞ്ഞത്തൊപ്പിവച്ച കറുത്ത ഫിയറ്റ് ടാക്സികളും‍.
ലോണ്‍‌ലി പ്ലാനറ്റുകാരുടെ “ഇന്ത്യ” എന്ന പുസ്തകത്തില്‍ അവര്‍ പലപ്പോഴും ഇന്ത്യയുടെ ഐക്കണായി അലഞ്ഞുനടക്കുന്ന ‘സ്വാമി’ മാരെ കാണിക്കും പോലെ ഉപയോഗിക്കപ്പെടുന്ന ഒരു ഐക്കണ്‍ ആണ് ഈ ടാക്സികള്‍.
ഉള്ളില്‍ ഒരുപാട് പ്ലാസ്റ്റിക് പൂക്കളൊക്കെ നിരത്തിവച്ച ഫീയറ്റുകളില്‍ വിലകുറഞ്ഞ പൌഡറിന്റേയും സുഗന്ധദ്രവ്യങ്ങളുടെയും ഗന്ധം തടവുകിടക്കുന്നുണ്ടാവും എപ്പോഴും. പിന്നിലെ ഗ്ലാസില്‍ അത് ഓടി നടക്കുന്ന സ്ഥലങ്ങള്‍ എഴുതിവച്ചിരിക്കും, നവി മുംബൈ - പന്‍‌വേല്‍ - താനെ - ദാദര്‍ എന്നിങ്ങനെ.
നമ്മുടെ നാട്ടില്‍ഫിയറ്റുകള്‍ ഒരു കാണാക്കനിയായി മാറുമ്പോള്‍ മുംബൈയില്‍ മാത്രം എങ്ങനെ വരുന്നു ഇത്രയും ഫിയറ്റുകാറുകള്‍ എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. തെരുവുപിള്ളേര്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കാണുന്ന മുംബൈ ഐക്കണ്‍ ഫിയറ്റു കാര്‍ തന്നെ!


മുംബൈ തെരുവുകളിലെ ജൂസു ഗ്ലാസുകളില്‍ പൊട്ടിവീണ് തണുപ്പാകാന്‍ തയ്യാറായി ധാരാവിയുടെ തെരുവില്‍ തണുത്തുറഞ്ഞ സൈക്കിളില്‍ ഇരിക്കുന്നവന്‍. പുറം ലോകം അറീയുന്ന അധോലോക സിനിമാ ഡയലോഗുകള്‍ക്കും അപ്പുറം ഒരു വലിയ ലെതര്‍ മാര്‍ക്കറ്റ്കൂടിയാണ് ധാരാവി. ഏത് ബ്രാന്റായാലും ലുക്കിലും ക്വാളിറ്റിയിലും അതിനെ വെല്ലുന്ന ഡ്യൂപ്ലിക്കേറ്റ് ഇവിടെ ലഭിക്കും. നമുക്ക് ഇഷ്ടമായ ഒരു ബാഗിനു അവര്‍ ആദ്യം 2000 രൂപാ എന്നു പറഞ്ഞാല്‍ നമ്മള്‍ 700 പറയണം ഒടുവില്‍ 800 നോ 900 നോ വാങ്ങി പോരാം. അതിനേ കാളും താഴ്ന്ന വിലയില്‍ വാങ്ങുന്ന മിടുക്കന്മാരും ഉണ്ട്. ധാരാവിയുടെ പകല്‍-സന്ധ്യ ജീവിതത്തില്‍ മാത്രമാണ് ഈ തുകല്‍ വ്യാപാരം. രാത്രി ധാരാവിക്കു മറ്റൊരു രൂപമാണ്.


നിയോണ്‍ ലൈറ്റുകള്‍ ആണ് മുംബൈയുടെ രാത്രിവരകള്‍. മഴയുള്ള രാത്രിയില്‍ കാറിനുള്ളില്‍ കുറച്ചു സമയം ക്യാമറ ഷട്ടര്‍തുറന്നുവച്ചെടുത്തത്. എന്റെ കയ്യുടെയും കാറിന്റേയും കുലുക്കം ആ വരകളില്‍ തിരിച്ചറിയാം. മഴയെ കുറിച്ച് പറയാന്‍ മറന്നു, ഒരുമണിക്കൂര്‍ തുടര്‍ച്ചയായി മഴപെയ്താല്‍ മുംബൈക്കാരുടെ മനസു പിടയും.

മുംബൈയുടെ നഗര പടത്തില്‍ നിന്നും മായ്ച്ചുകളയാനാകാത്ത ഒന്നാണ് ജുഗ്ഗികള്‍. പ്ലാസ്റ്റിക് ഷീറ്റും കല്ലും മണ്ണും കൊണ്ടു വെയിലും മഴയും തടുത്ത് ഒരു സമൂഹം ഇവിടെ ഇവിടെ തഴച്ചുവളരുന്നു. മാഹിമിലും ജൂഹുവിലും ധാരാവിയിലും ദാദറിലും എന്നു വേണ്ട, വിമാനതാവളത്തിന്റെ ചുറ്റുമതിലിനോട് ചേര്‍ന്നു തന്നെ ഈ കുടിലുകള്‍ കാണാം. മേല്‍ക്കാണുന്ന ചിത്രം ബാന്ദ്രയിലേതാണ്. മുംബൈയുടെ നഗര ജീവിതത്തില്‍ ഈ സമൂഹത്തിലെ പൌരന്മാരുടെ പങ്ക് വളരെ വലുതാണ്.


കാറിന്റെ വിന്റോയിലേക്ക് നീങ്ങിവരുന്ന നിറമുള്ള പുക്കളും അതിന്റെ പിന്നില്‍ നിറം വറ്റിയ മുഖവും കാണാം. നമ്മള്‍ വെറുതെ ആ പൂവിലേക്ക് നോക്കിയാല്‍ ആ മുഖത്ത് പ്രതീക്ഷയുടെ നിറം ഒരു നിമിഷം പടരും. ട്രാഫിക് ഐലന്റുകളില്‍ ഇത്തരം പ്രതീക്ഷയുടെ കച്ചവടം വളരെ ശക്തമാണ്. പുക്കളായും ദൈവങ്ങളായും ദേശീയ പതാകയായും ഒക്കെ.


ഉച്ചത്തില്‍ സംഗീതവും ബഹളങ്ങളും ഒക്കെ ഉയരുന്ന സ്പോര്‍ട്സ് ബാറുകളും പബ്ബുകളും മുന്തിയ ഭക്ഷണശാലകളും ഒക്കെ മാറ്റി നിര്‍ത്തിയാല്‍ ഇതുപോലെയുള്ള വൃത്തിയും വെടിപ്പും ഉള്ള ചെറുകിട ഭക്ഷണശാലകള്‍ ഒരുപാടുണ്ട്. ഇത് ചര്‍ച്ച് ഗേറ്റിനടുത്ത് വീര്‍ നരിമാന്‍ റോഡിലുള്ള ‘സ്റ്റേഡിയം’ എന്ന ഇറാനിയന്‍ റെസ്റ്റോറന്റിലെ തീന്‍ മേശയാണ്. ബ്രഡും ബണ്ണും, നന്നായി പൊടിച്ചിട്ട ചിക്കനും ഗ്രീന്‍ പീസും ചേര്‍ത്തുള്ള കറിയും. ബ്രേക്ക് ഫാസ്റ്റിനും ലഞ്ചിനും ഇടയ്ക്കുള്ള സമയം. (മൊബൈലില്‍ എടുത്ത ചിത്രമാണ്). ബ്രഡ് ആ എരിവുള്ള കറിയില്‍ മുക്കി നാവിലേക്ക് വയ്ക്കു. കഴിച്ചു കഴിയുമ്പോള്‍ യാത്ര തുടരാന്‍ തോന്നിയാല്‍ തുടരാം..

About Me

My photo
ഒരു ഭാര്യ, രണ്ടുകുട്ടികള്‍, ഒരു മീശ, പിന്നെ കുറേ അഹങ്കാരവും.

Followers

Basic Design : Ourblogtemplates.com

Back to TOP