Related Posts with Thumbnails

Thursday, May 31, 2007

ഇനി മഴപെയ്യുന്ന ഫ്രെയിമുകള്‍



ഇടവപ്പാതി തുടങ്ങി ഇവിടെ.
ഇനി ആകാശത്തിനൊപ്പം മനസും മൂടികെട്ടും. വയറില്‍ വിശപ്പുകൂടുകെട്ടും.

ചുവരില്‍ തൂങ്ങിഉറങ്ങിയ പഴയ കുടകള്‍ ഇനി കൈകളിലേക്കിറങ്ങും.
പാന്റിന്റെ താഴെത്തെ അരികുകളില്‍ ചെളിപടരും. ബൂട്ടുകളും ഷൂസുകളും മഴചെരുപ്പുകള്‍ക്ക് വഴി മാറും. വഴിക്ക് നിന്നുപോയ കാറുകളും ഓട്ടോകളും വെള്ളക്കെട്ടില്‍ അനാഥരായി കിടക്കും. പെരുവെള്ളത്തിലേക്കിറങ്ങുന്ന കാലിന്റെ മുട്ടോളം ഉയരുന്ന സാരിക്കു താഴെ പെരുവഴിയിലെ കണ്ണുകള്‍ ആഴ്ന്നിറങ്ങും.

സ്കൂള്‍ വിട്ടു പടികയറിവന്ന ഉണ്ണി നീളത്തില്‍ തുമ്മും. ചാനലില്‍ വിക്സിന്റേയും അമൃതാഞ്ജന്റേയും പരസ്യം കുടപ്പരസ്യങ്ങളുടെ തുള്ളലിനൊപ്പം നില്‍ക്കും. ആസ്ത്‌മയുള്ള നെഞ്ചിന്‍ കൂട്ടിലിരുന്ന് പ്രാവുകള്‍ കുറുകാന്‍ തുടങ്ങും. അപ്പോഴും വരും ആശ്വാസം കാട്ടുന്ന പരസ്യങ്ങള്‍.

മഴ ഒരു അവസ്ഥയാണ്. മഴ ഒരു ജീവിതരീതിയാണ്. അതാണിനി കുറച്ചുനാള്‍ മഴനാട്ടില്‍ ഉള്ള ഞങ്ങള്‍ ഓരോരുത്തരുടേയും രീതി.

31 അഭിപ്രായങ്ങള്‍:

Kumar Neelakandan © (Kumar NM) 12:28 PM  

ഇനി മഴപെയ്യുന്ന ഫ്രെയിമുകള്‍

സുല്‍ |Sul 12:47 PM  

കുമാരേട്ടാ.......
(ആരാ അത് എന്നുചോദിക്കരുത്)
സൂപര്‍ പടങ്ങള്‍.
നാട്ടില്‍ വന്ന് മഴകൊണ്ടപോലെ.
“ഠേ.........”
ഫ്ലാറ്റാ‍യി ഒരു ഇടി വെട്ടിയതാ തേങ്ങയല്ല. :)
-സുല്‍

മുല്ലപ്പൂ 12:47 PM  

ആഹാ എന്തു രസം ഈ മഴ.
അയ്യോ പെയ്തു തുടങ്ങിയോ ഈ മഴ.

എന്റെ പുതിയ കുട എടുക്കട്ടെ. എന്നിട്ടു പതിയെ മഴയത്തേക്കിറങ്ങട്ടെ.കുടയുടെ മുകളില്‍ മഴയുടെ പെരുമ്പറ കേള്‍ക്കുന്നു.

കൊള്ളാം. രണ്ടാമത്തെ പടം പ്രത്യേകിച്ചും

sandoz 12:58 PM  

കേരളത്തിലെ തെരുവുകളില്‍ ഓടയേതാ വഴിയേതാ എന്ന് തിരിച്ചറിയാതെ ജനം കുഴങ്ങും.വാഹനങ്ങള്‍ ചെളിവെള്ളം ദേഹത്തേക്ക്‌ തെറിപ്പിക്കും.
അപ്പോള്‍ നാട്ടുകാര്‍ ഡ്രൈവറുടെ തന്തക്കും തള്ളക്കും വിളിക്കും.
മിനുട്ടിന്‌ മിനുട്ടിന്‌ കറണ്ട്‌ പോകും.
കടല്‍ ക്ഷോഭിക്കും.മത്സ്യത്തൊഴിലളികള്‍ പട്ടിണിയിലാകും.വീട്‌ പെയിന്റിംഗ്‌ തൊഴിലാളികള്‍ താത്കാലികമായി വേറെ പണി കണ്ടെത്തേണ്ടി വരും.
മലയോര മേഖലകളില്‍ ഉരുള്‍പൊട്ടും.ജനസംഖ്യ കുറയും.

അങ്ങനെ അങ്ങനെ ഈ മഴ നമ്മുടെ ജീവിതത്തിന്റെ ഭാഗമാകും......
fcxwrqdl-ii word veri edutth kalajilee ii bloggil idiim vetti mazha peyyum.

ഉണ്ണിക്കുട്ടന്‍ 1:05 PM  

ആദ്യത്തെ ഫോട്ടോ സൂപ്പര്‍!

[മഴയേ..നീ വില്ലനാക്കിക്കളഞ്ഞല്ലോടാ..സാന്റോയേ..]

Kumar Neelakandan © (Kumar NM) 1:05 PM  

സാന്റോസ് എഴുതിയ, ഞാന്‍ എഴുതാത്ത ഭാഗം നന്നായി. ഞാന്‍ എഴുതാന്‍ ഇഷ്ടപ്പെടാത്ത ഭാഗം എന്നൊരു അര്‍ത്ഥം അതിനു വരുമൊ?

എന്തായാലും ഞാന്‍ തന്നെ വേര്‍ഡ് വെരിയെ പറിച്ചെടുത്ത് മഴയത്തെറിഞ്ഞു.

Kumar Neelakandan © (Kumar NM) 1:10 PM  

ഉണ്ണിക്കുട്ടാ ആദ്യ ചിത്രം മണ്ണുത്തിയിലെ ഇന്ത്യന്‍ കോഫീ ഹൌസിനു മുകളിലെ ആകാശത്തില്‍ മഴതുള്ളികള്‍ മേഘങ്ങള്‍ക്കിടയില്‍ കയറി പറനു വരുന്ന കാഴ്ചയാണ്.

ഉണ്ണിക്കുട്ടന്‍ 1:17 PM  

വേഡ് വേരി പിഴുത് ദൂരെക്കളഞ്ഞ കുമാറേട്ടനു അഭിവാദ്യങ്ങള്‍ .

[മറ്റുള്ളവരും കണ്ടു പഠിക്കുക]

Unknown 1:19 PM  

കുമാരേട്ടാ,

നല്ല ചിത്രങ്ങളും വിവരണവും.
ശരിക്കുമൊരു പെരുമഴയത്തിറങ്ങി നടന്ന പ്രതീതി.

Kaithamullu 1:20 PM  

നാട്ടിലെ മഴ ഇഷ്ട്ടായി!

Kumar Neelakandan © (Kumar NM) 1:20 PM  

ഉണ്ണിക്കുട്ടാ പണ്ടിവിടെ സ്പാമുകള്‍ പറന്നുവന്ന് ബ്ലോഗുകളെ ആക്രമിക്കുന്ന ഒരു കാലമുണ്ടായിരുന്നു. അതിനെ പേടിച്ച് അന്ന് കൂട്ടായി എടുത്ത തീരുമാനം ആയിരുന്നു ഈ ‘വെരി’ ഇപ്പോള്‍ സ്പാമരന്മാര്‍ ഇല്ല എന്ന ധാരണയാണ്. ഇനി അഥവാ അവര്‍ന്മാര്‍ അമര‍ന്മാരായി തിരികെ വന്നാല്‍ ഈ പൂട്ടു തിരികെ വയ്ക്കും ഞാന്‍.

മിടുക്കന്‍ 1:20 PM  

വേഡ് വെരി യില്ലാതെ കമന്റാന്‍ എന്തു സുഖം.. ആഹാ...
മഴയത്ത് തട്ടുകടയിലെ ബജി തിന്നുംബൊളുള്ള സുഖം...

ശിശു 1:23 PM  

ആദ്യചിത്രം മനോഹരം:)

ആദ്യമായി സ്‌കൂളില്‍ പോകാനൊരുങ്ങുന്ന ശിശുക്കള്‍ക്ക് പുത്തനുടുപ്പും പുസ്തകസഞ്ചിയും മഴയില്‍ കുതിരും.
മഴച്ചെരിപ്പുകളിടാന്‍ സമ്മതിക്കാത്ത ഞങ്ങടെ സ്കൂള്‍ യൂണിഫോമുകള്‍,ഷൂ തന്നെയിടാന്‍ നിര്‍ബന്ദിക്കും..
അതുമിട്ടുകൊണ്ട് വെള്ളത്തിലൂടെ പോകുമ്പോള്‍ ടിര്‍ക്കും ടിര്‍ക്കും എന്ന ശബ്ദം മഴയൊച്ചയില്‍ മുങ്ങിപ്പോകും..

സാജന്‍| SAJAN 1:57 PM  

ഹ ഹ ഹ
അങ്ങനെ എല്ലാരും എഴുതി എഴുതി കൊതിപ്പിച്ച് മഴകാണാന്‍ ഞാനും ഒരു ചെറിയ വിസിറ്റ് ഉണ്ടേ നമ്മുടെ നാട്ടിലേക്ക്:):):)
നല്ല പടങ്ങള്‍ കുമാറേട്ടാ:):):)

കുട്ടിച്ചാത്തന്‍ 1:58 PM  

ചാത്തനേറ്:

ഒരു നിമിഷം പോലും ഇടമുറിയാതെ, ഒരേ താളത്തില്‍ ഒരേ ശബ്ദത്തില്‍ (വല്ലപ്പോഴും ഒരു ഇടിയും മിന്നലും)പെയ്യുന്ന മഴയെ നോക്കി, സുഖകരമായ ആ നേരിയ തണുപ്പും ആസ്വദിച്ച്, വീട്ടുകാരൊടൊത്ത് വരാന്തയില്‍, പഴയതും പുതിയതുമായ സൊറ പറഞ്ഞിരിക്കാന്‍ തോന്നുന്നു ...

അസൂയയില്ലാ ഏത് വാരാന്ത്യത്തിലും നാട്ടില്‍ പോയാല്‍ ചാത്തനു ആസ്വദിക്കാലൊ..

ഓടോ: സാന്‍ഡോക്കു അസൂയയായിട്ടാ.. പെരുത്ത് അസൂയ.. ;)

ശാലിനി 3:41 PM  

മഴയെ കാണിച്ച് കൊതിപ്പിക്കുകയാണല്ലോ എല്ലാവരും.

ആ ഇരുണ്ടുകിടക്കുന്ന ആകാശംകണ്ടിട്ട് ഇനി കവിതകളുടെ കാലവും തുടങ്ങും.

മഴ പെയ്തൊഴിഞ്ഞിട്ട്, ആ കുളിച്ചുതോര്‍ത്തിനില്‍ക്കുന്ന പ്രക്ര്യതിയുടെ പടംകൂടി ഇടൂ.

അങ്ങനെ ഓരോരുത്തരായി മഴയെകുറിച്ച് പറഞ്ഞ് സാജനെ ലീവെടുപ്പിച്ചു. ഇനി സാജന്റെ വക ഫോട്ടോകളും പോരട്ടെ.

ജിസോ ജോസ്‌ 4:08 PM  

കുമാര്‍ജി,

നല്ല ചിത്രങ്ങള്‍ ! നല്ല എഴുത്ത് ! സാന്‍ഡോസിന്റെ കമന്റും കൊള്ളാം !

ഇനി എന്നാണാവോ നല്ല ഇടവപ്പാതി മഴയില്‍ വിടിന്റെ ബാല്‍ക്കണിയില്‍ ഇരുന്നു നല്ല ചൂടു കട്ടന്‍കാപ്പിയും കുടിച്ചു മള്‍ട്ടീകളര്‍ സ്വപ്നങ്ങള്‍ കാണാന്‍ പറ്റുക ? എന്നെങ്കിലും പറ്റും....പറ്റണം !

ഒടൊ :
മഴചിത്രങ്ങള്‍ കണ്ടാല്‍ വിക്ടര്‍ ജോര്‍ജിനെ ഓര്‍മ്മ വരും... ഉടനെ എടുത്തു നോക്കും ആ മഴ സ്നേഹിയുടെ മഴ ഫോട്ടൊ ബുക്ക് ...

Siju | സിജു 4:56 PM  

മനുഷ്യനിവിടെ ചൂടെടുത്തു പൊരിയുമ്പോഴാണ് മഴ കാട്ടി കൊതിപ്പിക്കുന്നത്..
:-(

ടി.പി.വിനോദ് 5:02 PM  

മഴ നനവിന്റെ കാല്പനികമായ ഭരണഘടനയാണ്.അതിലെ വ്യവസ്ഥകള്‍ മുഴുവന്‍ കവിതയിലെഴുതപ്പെട്ടവയും..(എന്നെ തല്ലരുത്...:))

നല്ല ചിത്രങ്ങള്‍...ശരിക്കും കുളിര്‍പ്പിച്ചു..

Kumar Neelakandan © (Kumar NM) 5:22 PM  

ലാപുട,
മഴയുടെ വ്യവസ്ഥകള്‍ മുഴുവന്‍ ചിത്രങ്ങളില്‍ എഴുതപെട്ടതാണെന്നു തോന്നും വിക്ടര്‍ ജോര്‍ജ്ജിന്റെ മഴചിത്രപുസ്തകം കാണുമ്പോള്‍.

മഴയുടെ വ്യവസ്ഥകള്‍ എഴുതപ്പെടുന്നത് മൂവിങ് ഇമേജുകളിലാണെന്നു തോന്നും, പത്മരാജന്റേയും ഭരതന്റേയും പഴയകാല്‍ ചിത്രങ്ങള്‍ കാണുമ്പോള്‍

മഴയുടെ വ്യവസ്ഥകള്‍ എഴുതപ്പെടുന്നത് സംഗീതത്തില്‍ ആണെന്നു തോന്നും രമേഷ് നാരായണന്‍ ചമച്ച ‘ഒരു നറുപുഷ്പമായ് എന്‍‌നേര്‍ക്കു നീളുന്ന മിഴിമുന...” കേള്‍ക്കുമ്പോള്‍.

ഇതിഹാസത്തിന്റെ അവസാനത്തില്‍ പെയ്ത്തിനിടയില്‍ ഉറങ്ങുന്ന കാലവര്‍ഷത്തിന്റെ കറുത്തമഴ വായിക്കുമ്പോള്‍ തോന്നും മഴയുടെ വ്യവസ്ഥകള്‍ സാഹിത്യത്തിലാണെന്ന്.

“രാത്രിമഴ പെയ്തു തോര്‍ന്ന നേരം കുളിര്‍ക്കാറ്റില്‍ ഇലച്ചാര്‍ത്തുലഞ്ഞ നേരം” എന്ന വരികേള്‍ക്കുമ്പോള്‍ തോന്നും മഴയുടെ വ്യ്‌വസ്ഥ എഴുതപെട്ടത് സിനിമാ ഗാനങ്ങളില്‍ തന്നെ എന്നു.

(കവിതകള്‍ അധികം വായിച്ചിട്ടില്ലാത്തതുകൊണ്ട് ഇതൊക്കെ തന്നെ എന്റെ കവിതകള്‍)

മുസാഫിര്‍ 5:28 PM  

കുമാര്‍ജി,

മഴച്ചിത്രങ്ങള്‍ വ്യതസ്ഥമായിരിക്കുന്നു.മഴയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ആദ്യം ഓടിയെത്തുന്നത് കുടയുണ്ടെങ്കിലും കാറ്റിന്റെ കുസൃതികൊണ്ടു പാതി മഴ നനഞ്ഞു സ്കൂളില്‍ പോകുന്ന കുട്ടികളെയാണ്.എപ്പോഴെങ്കിലും അങ്ങനെയുള്ള ഒരു പടം ഇടാമോ ?

Unknown 6:22 PM  

മഴയാണ് പോലും മഴ! ഇത് കണ്ടട്ട് എനിക്കൊരു കുന്തവും തോന്നണില്യാ.കുറേ കാര്‍മേഘവും പെരുവിരല്‍ വണ്ണത്തിലുള്ള മഴ മാത്രമൊന്നല്ല മഴ. സ്വര്‍ഗ്ഗത്തിന്ന് വരുന്ന വെള്ളി നൂലു പോലുള്ള നാല്‍പ്പതാം നമ്പര്‍ മഴയ്ക്കെന്താ കൊഴപ്പം.

അപ്പോ മിയാന്‍ താന്‍സനെ കുറിച്ച് കേള്‍ക്കുമ്പോള്‍ ഈ കുമാറേട്ടനു എന്തു തോന്നും?
മഴയെ കുറിച്ച് പറയണ ദുഷ്ടന്മാരെ വെറൂതെ വിട്ട് കൂടാന്നാ. ടാന്‍സന്‍ ഏതു രാഗത്തില്‍ പാടിയാണ് മഴ പെയ്യിച്ചത്? (സത്യാ‍യിട്ടും ഒരു സംശയം ഉണ്ട് അത് അവസരം കിട്ടിയപ്പൊ ചോദിച്ചതാ. വിക്കീന്നുള്ള ഉത്തരം വേണ്ടാ.)

വിക്ടര്‍ ജോര്‍ജ്ജിനെ കുറിച്ച് ഓര്‍മ്മിപ്പിക്കാതെ. ഇത്തവണയും ആ പുസ്തകം വാങ്ങനൊത്തില്ല :(

Pramod.KM 6:27 PM  

മഴയുടെ പടവും മഴ പെയ്യുമ്പോലെ വന്ന വാചകങ്ങളും നന്നായി:)

ഇടിവാള്‍ 6:32 PM  

പടം കൊള്ളാം!

ബൂലോഗത്ത് 10 വരി എഴുതി ബ്രാക്കറ്റില്‍ (കവിത) എന്നു കൊടുക്കും പോലെയായി ഹെഡിങ്ങ് !

Kumar Neelakandan © (Kumar NM) 6:36 PM  

ഡാലീ, അക്ബറിന്റെ സദസ്സിലെ സംഗീതജ്ഞനായ മിയാന്‍ ടാന്‍സന്‍ മഴപെയ്യിച്ചത് “മേഘമല്‍ഹാറിലൂടെ”

വിക്കാതെ ഉത്തരം പറഞ്ഞതിനു സമ്മാനം എപ്പോ കിട്ടും?

Kumar Neelakandan © (Kumar NM) 6:42 PM  

പ്രമോദേ, ഇടിവാള്‍ പറഞ്ഞപ്പോഴാണ് ഓര്‍ത്തത്..
ഇതിനെ ‘എന്റര്‘‍ അടിച്ച് വരികളാക്കിയാല്‍ ഒരു കവിതയാക്കാമോ?

ആഷ | Asha 8:05 PM  

കുമാറേട്ടാ,
ഫ്രെയിമിനുള്ളിലെ മഴ നന്നായി :)
ഇതു ഞായറാഴ്ചയെടുത്ത ഫോട്ടോയാണോ?
ഇതേ പാറ്റേണിലെ മേഘങ്ങളെ അന്നു ഇവിടേയും കണ്ടു മഴക്കാറില്ലായിരുന്നെന്നു മാത്രം.

ഓ.ടോ-ഇന്നെന്തോ കുമാറേട്ടാ എന്നു എഴുതിയപ്പോ ശ്രീകൃഷ്ണപരുന്തിലെ കുമാരേട്ടാ എന്ന വിളി ഓര്‍മ്മ വന്നു.

ശ്രീ 7:17 AM  

മഴ ചിത്രങ്ങള്‍‌ ഉഗ്രന്‍‌!

പുള്ളി 7:53 AM  

മഴ, ചൂടുള്ള കഞ്ഞി, ചുട്ടപപ്പടം, കടുമാങ്ങ, കട്ടിയുള്ള പുതപ്പ്, സുഖനിദ്ര (ഒരു അബ്സ്ടാക്റ്റ് കവിത)

Pramod.KM 7:57 AM  

ഹഹ.
കുമാറേട്ടാ..അങ്ങനെ എഴുതി തന്നത്താന്‍ ഒന്നു നോക്കുക.എന്നിട്ട് കവിത എന്ന് തോന്നുന്നുവെങ്കില്‍ അത് തന്നെ കവിത.:).

സാരംഗി 9:39 AM  

എത്ര കണ്ടാലും മതിവരാത്ത മഴ,
നല്ല ചിത്രങ്ങളും വിവരണവും.

About Me

My photo
ഒരു ഭാര്യ, രണ്ടുകുട്ടികള്‍, ഒരു മീശ, പിന്നെ കുറേ അഹങ്കാരവും.

Followers

Basic Design : Ourblogtemplates.com

Back to TOP