Related Posts with Thumbnails

Tuesday, May 06, 2008

താളമില്ലാത്ത നിശബ്ദത



അമ്മന്‍‌കുടം കരകമെടുപ്പിനെത്തുന്നവഴിയില്‍, തിരുനെല്‍‌വേലിയില്‍ നിന്നും വന്ന കുംഭനൃത്തക്കാരികള്‍ ഉച്ചവെയിലില്‍ വിയര്‍ത്തൊഴുകുമ്പോള്‍ ഇവരും ഒന്നുവിശ്രമിക്കും.
പഴയകാല തമിഴ് ഗാനങ്ങളെ നാദസ്വരത്തിലും തകിലിലുമായി മുന്നു ദിവസത്തോളം നാടിന്റെ ശബ്ദവീചികളില്‍ ലയിച്ചുകിടത്തുന്നവരാണ് ഇവര്‍. രാത്രിയില്‍ മുത്തുമാരിയമ്മമാര്‍ക്ക് നേര്‍ച്ചയായി ചൂരല്‍ കുത്തിനടക്കുന്നവര്‍ക്ക് മുന്നിലും ഈ സംഘം ഉണ്ടാകും. അപ്പോള്‍ ഒരു മുറുകിയ താളമാകും ഇവര്‍ക്ക്.





എന്നും നിറങ്ങള്‍ക്കും ദൈവങ്ങള്‍ക്കും ഉത്സവങ്ങള്‍ക്കും ഒപ്പം രാഗവും താളവുമായി നീങ്ങിയിട്ടും സ്വന്തം ജീവിതത്തിനു താളം കിട്ടാതെ ഇടറുന്ന ഒരുപാടുപേര്‍ ഉണ്ടാകും ഈ കൂട്ടരില്‍.
താളം മുറുകുമ്പോള്‍ എല്ലാം മറക്കുന്ന ഇവരുടെ ഒക്കെ മുഖത്ത് വിയര്‍പ്പ് തെറിക്കുന്ന ഉന്മാദം കണ്ടിട്ടുണ്ട്. താളമിറങ്ങുമ്പോള്‍ അത് വീണ്ടും ജീവിതത്തിലേക്കാണ് എന്ന ഭയവും.

Tuesday, April 15, 2008

എഴുതിവയ്പ്പുകളില്ലാതെ..



പേരും നാളും ഒന്നുമില്ലാതെ മരിച്ചുപോയ ഏതോ ഒരു അഞ്ജാതന്റെ ശവകുടീരം.
ഇത് കണ്ട സ്ഥലവുമായി ചേര്‍ത്തുവച്ചു നോക്കുമ്പോഴാണ് അങ്ങനെ ഒരു പ്രസ്ഥാവന പറയാന്‍ തോന്നിയത്. കൊടൈക്കനാലില്‍ “ഗ്രീന്‍ വാലി വ്യു” (പഴയ സൂയിസൈഡ് പോയന്റ്) ലേക്ക് എത്തുന്നതിനു തൊട്ടു മുന്‍പ് വഴിവക്കില്‍. ഒരാള്‍പൊക്കമെത്തുന്ന പുറം പോക്കില്‍, ഈ കുടീരത്തിനും താഴെയായി മണ്‍‌തിട്ട തീരുന്നു. പിന്നെ വീതികുറഞ്ഞ റോഡാണ്.ആള്‍ താമസമില്ലാത്ത, സഞ്ചാരികള്‍ മാത്രം യാത്രചെയ്യുന്ന ആ സ്ഥലത്തെ വഴിവക്കിലെ പുറം പോക്കില്‍ ഇങ്ങനെ അന്ത്യവിശ്രമം കൊള്ളുന്നയാളെ ഒരു അജ്ഞാതനായി കാണാനാണ് കാഴ്ച പറയുന്നത്. പക്ഷെ ഇതൊന്നുമായിരിക്കില്ല യാഥാര്‍ത്ഥ്യം.

ആരോ ഇട്ടുകൊടുത്ത മാല കരിഞ്ഞമര്‍ന്നു തുടങ്ങി. കുറേ കാലം കഴിയുമ്പോള്‍ ആ മരക്കുരിശും നിലം പൊത്തും. ആ സിമന്റു തിട്ട തന്നെ മണ്ണിന്റെ അടിയിലാകും.

അതിനു മുന്‍പ് ആ അജ്ഞാതനു ഈ അജ്ഞാതന്റെ ആദരാഞ്ജലികള്‍.

About Me

My photo
ഒരു ഭാര്യ, രണ്ടുകുട്ടികള്‍, ഒരു മീശ, പിന്നെ കുറേ അഹങ്കാരവും.

Followers

Basic Design : Ourblogtemplates.com

Back to TOP