തിളക്കമില്ലാത്ത മുംബൈ #02 (തീര്‍ന്നു!)
മുംബൈയുടെ സ്വന്തമാണ് വിഗ്നേശ്വരന്‍. മുംബൈയുടെ ഉത്സവം ഗണേശ ഉത്സവവും. വിനായകചതുര്‍ത്ഥിയോടനുബന്ധിച്ചു നടക്കുന്ന ഉത്സവത്തിനുവേണ്ടി വളരെ നാളുകള്‍ക്കു മുന്‍പുതന്നെ മുംബൈ തയ്യറെടുക്കുന്നു.
കച്ചവടക്കാര്‍ക്കും രാഷ്ടീയക്കാര്‍ക്കും ഒരു മുതലെടുപ്പിന്റെ വേദിയാണ് ഗണേശഉത്സവം. അതിന്റെ ആദ്യപടിയാണ് പ്ലാസ്റ്റിക് കവറുകളില്‍ കടകളില്‍ നിരന്നിരിക്കുന്ന ഗണപതി.
ഗണപതി ബപ്പ മോറിയ!
ജനബാഹുല്യമേറുമ്പോള്‍ കാലുകുത്താനുള്ള മണ്ണ് പോരാതെ വരുന്നു. ആകാശം മുട്ടുന്ന അടുക്കിവയ്പ്പ് ജീവിതത്തിനും എവിടെയൊക്കെയോ പരിധികളുണ്ടാകുന്നു. പ്രകൃതിയെ തോല്‍പ്പിക്കലാണ് പിന്നെ അടുത്തവഴി. കടലില്‍ മണ്ണിട്ട് ഭൂമിയാക്കുന്നു. അവിടെ കുടിവയ്പ്പ് നടത്തുന്നു. അവിടേയും അബരചുംബികള്‍ തങ്ങളുടെ കൂര്‍ച്ചുണ്ട് മുകളിലേക്കുയര്‍ത്തുന്നു. റീക്ലമേഷന്‍ എന്ന വാക്ക് മുംബൈക്കാര്‍ക്ക് വളരെ പരിചിതമാണ്. ബാന്ദ്രയിലെ റീക്ലമേഷന്‍ ലാന്റ് ആണ് ചിത്രത്തില്‍. ഒരു മുനമ്പില്‍ മണ്ണിട്ട് ഭൂമിവലുതാക്കുമ്പോള്‍ മറുവശത്തുകൂടി പാലം കെട്ടി ഒന്നിപ്പിക്കുന്നു. കൈകള്‍ കോര്‍ത്ത് കടലിനെ തോല്‍പ്പിക്കുന്നു. നവി മുംബൈ ഒക്കെ ഇത്തരത്തില്‍ വളര്‍ന്നതാണ് എന്നാണ് ടാക്സിക്കാരില്‍ നിന്നുള്ള കേട്ടറിവ്.
കൌതുകമുണത്തുന്ന കാഴ്ചയാണിത്. എല്ലാ റിക്ഷാകളിലും തൊട്ടാല്‍ പൊട്ടുന്ന ബോംബുപോലെയാണ് ട്രിപ്പ് മീറ്റര്‍ ഘടിപ്പിച്ചിട്ടുള്ളത്. ചില റിക്കുകളില്‍ അതിനേക്കാള്‍ വേഗത്തില്‍ ഓടുന്ന ട്രിപ്പ് മീറ്ററുകള്‍ ആണ്. അതോര്‍ക്കുമ്പോള്‍ അങ്ങനെ എഴുതി ഒട്ടിക്കുന്നതില്‍ അതിശയമില്ല. എങ്കിലും കൊച്ചിയുടെ അത്രയും ഭയാനകമായ ബോംബല്ല മുംബൈ മീറ്ററുകള്‍.
വെസ്റ്റ് ബാന്ദ്രയിലെ ലിങ്കിങ് റോഡ് ആണിത്. ഇന്ത്യയുടെ പുതിയൊരു സംസ്കാരം ഇവിടെ മുഖത്തോട് മുഖം നോക്കി പരസ്പരം കവിള്‍ മിനുക്കുന്നു. കെ എഫ് സി യും മക്‍ഡോണള്‍ഡ്സും. അവിടേയും ഇവിടേയും ഇരിക്കുന്നവര്‍ക്ക് പരസ്പരം കാണാം.
മുകളില്‍ പറഞ്ഞ രണ്ടു സംസ്കാരവും മുഖം തിരിക്കുന്നത് എന്നും ഇവര്‍ക്കു നേരേയാണ്.
അടുത്ത ഇന്ത്യന്‍ തലമുറയിലെ തന്നെ രണ്ടുമുഖങ്ങളില്‍ ഒന്നിനെ ഒക്കത്തും ഒന്നിനെ ഒപ്പവും കൂട്ടി കെ എഫ് സിയുടെ മുന്നില്‍ കൈനീട്ടുന്ന സ്ത്രീ. അതിന്റെ മുന്നിലെ കെ എഫ് സിയുടെ കോര്‍പ്പറേറ്റ് നിറമായ മഞ്ഞയും ചുവപ്പും ടൈലുകള്‍ പാകിയ നടപ്പാതയില്‍ പോലും കൈനീട്ടാനുള്ള സ്വാതന്ത്ര്യം ഇവര്‍ക്ക് നിരസിച്ചിരിക്കുന്നു. അവരുടെ കൈകള്‍ക്കും കണ്ണുകള്‍ക്കും നേരേ സെക്കൂരിറ്റിക്കാരന്റെ മുളവടികള്‍ നീണ്ടു ചെല്ലുന്നു.
തങ്ങള്‍ക്കെതിരെ വടിയോങ്ങുന്നവര്‍ക്കെതിരെ ആ അമ്മ മുഖം തിരിച്ചപ്പോഴും തനിക്ക് മനസിലാകാത്ത സംസ്കാരത്തെ തനിക്കു പാകമാകത്ത ഉടുപ്പിന്റെ ഉള്ളില്‍ പകയോടെ നോക്കി നില്‍ക്കുന്ന ആ കുഞ്ഞന്‍ വളര്‍ന്നുവരുന്നത് ജീവിക്കാനുള്ള ഒരു ചെറുത്തുനില്‍പ്പിന്റെ നിഴലിലാണ്. ഇന്നത്തെ മുംബൈ അവനെ എന്താക്കും എന്ന് ചിന്തിക്കുക അസാദ്ധ്യം. അവന്റെ തിളക്കം വറ്റിയ കണ്ണുകള്‍ക്ക് മുന്നില്‍ എന്റെ മുംബൈ കാഴ്ചകള്‍ അവസാനിക്കുകയാണ്.
നന്ദി.
(തിളക്കമില്ലാത്ത മുംബൈ #01 ഇവിടെ കാണാം)