Related Posts with Thumbnails

Friday, August 31, 2007

പുലയമ്പാറയില്‍ പുലരുമ്പോള്‍

പുലയമ്പാറ ചെറിയ ഒരു സ്ഥലമാണ്. നെല്ലിയാമ്പതിയിലെ നാട്ടുകാര്‍ക്ക് അത് അവരുടെ പട്ടണവും.

അഴിച്ചുവിട്ട കുറേ കന്നുകാലികള്‍, റോഡിന്റെ ഇരുവശവും വെറുതെ വെയില്‍ കൊണ്ടുകിടക്കുന്ന ജീപ്പുകള്‍. ചില്ലിട്ട അലമാരയില്‍ ആവിപറക്കുന്ന പുട്ട് ഇരിക്കുന്ന ചായക്കടകള്‍. അകലെ മഞ്ഞു വീണുകിടക്കുന്ന മലനിരകള്‍. ഒരു മലയോര ടൌണിനുവേണ്ടതെല്ലാം ഇവിടെ സിനിമയ്ക്ക് സെറ്റിട്ടതുപോലെയുണ്ട്.

ഐ റ്റി എല്‍ ഹോളീഡേ റിസോര്‍ട്ടില്‍ നിന്നാണെങ്കില്‍ കാട്ടിലെ ഈ റോഡിലൂടെ നാലഞ്ചു കിലോമീറ്റര്‍ നടക്കണം. റോഡിന്റെ ഇരുവശവും കണ്ണും കാതുമെറിഞ്ഞ് നടന്നാല്‍ ഒരുപാട് കാഴ്ചകളും ശബ്ദങ്ങളും മനസിലേക്ക് റെക്കോഡ് ചെയ്യാം. ഇടയ്ക്ക് റോഡ് ക്രോസ് ചെയ്ത് പോകുന്ന നീലഗിരി താര്‍ എന്ന വലിപ്പമുള്ള കോലാടുകളെ കാണാം. പുലരിവെയിലില്‍ അലസമായി കിടക്കുന്ന കുറുക്കന്മാരെ കാണാം. മരങ്ങളില്‍ മോണിങ് വാക്കിനിറങ്ങിയ കുരങ്ങന്മാരെ കാണാം. നെല്ലിയാമ്പതിയിലെ പ്രശസ്ഥമായ ഓറഞ്ചുതോട്ടം ഇതിനടുത്താണ്. പക്ഷെ അവിടെ ഇപ്പോള്‍ ഓറഞ്ചുകള്‍ അധികം ഇല്ല. ഓറഞ്ചുതോട്ടം എന്ന പേരുമാത്രമേയുള്ളു.




ഒരു മലയോര ടൌണ്‍ എന്ന് കേള്‍ക്കുമ്പോള്‍ മനസിലോടി എത്തുന്ന ഇമേജറിയില്‍ മുന്നില്‍ നില്‍ക്കുന്ന ഒരു കാഴ്ചയാണ് ചായക്കട. ആവിപറക്കുന്ന സമോവര്‍. ചില്ലലമാരിയിലെ ദോശ, പുട്ട്, നെയ്യപ്പം, പുഴുങ്ങിയ മുട്ട എന്നിവയാണ് ഇവിടുത്തെ ഹൈലൈറ്റ്സ്. പത്രംവായനയാണ് ഇവിടുത്തെ പ്രഭാതത്തിലെ പ്രധാന പരിപാടി. ഒരു പത്രം ഒരുപടു താളുകളായി ഒരുപാട് ആള്‍ക്കാര്‍ വായിക്കും. ഇത്തരത്തില്‍ ഒരു ചായക്കട പുലമ്പാറയില്‍ നമ്മളെ കാത്തിരിക്കുന്നുണ്ട്.‍


ഈ ചെറിയ സ്ഥലത്തെ ചെറിയ കടയിലും പെപ്സിക്ക് ഇരിക്കാന്‍ ഒരു തണുത്ത ഫ്രിഡ്ജ് ഉണ്ട്. നമ്മള്‍ ആകമാനം ഉപഭോതൃസംസ്കാരത്തിന്റെ തണുപ്പിച്ചവഴികളില്‍ സുഖിച്ചു ജീവിക്കുന്നു എന്ന റിയാലിറ്റി മനസിലാകുന്നത് ഇത്തരം അപുര്‍വ്വ കാഴ്ചകളിലാ‍ണ്.


നെല്ലിയാമ്പതി നമ്മള്‍ കണ്ടുതീരുന്നില്ല. കേശവന്‍പാറയും, പോബ്‌സണ്‍ കമ്പനിയുടെ ജൈവകൃഷിതോട്ടവും അതിനിടയിലുടെ നടന്നു പോകുമ്പോള്‍ എത്തുന്ന മനോഹരമായ താഴ്വരകാഴ്ചകളും ഒക്കെയായി നെല്ലിയാമ്പതി നിരന്നു കിടക്കുന്നു. അതിനെ നോക്കി ഇടയ്ക്ക് വച്ച് മലയിറങ്ങുകയാണ് എന്റെ ഈ പോസ്റ്റ്. ഒപ്പം വന്ന എല്ലാവര്‍ക്കും നന്ദി.

നെല്ലിയാമ്പതി കാഴ്ചകള്‍ : ഒന്ന്, രണ്ട്.

About Me

My photo
ഒരു ഭാര്യ, രണ്ടുകുട്ടികള്‍, ഒരു മീശ, പിന്നെ കുറേ അഹങ്കാരവും.

Followers

Basic Design : Ourblogtemplates.com

Back to TOP