Related Posts with Thumbnails

Monday, July 30, 2007

നെല്ലിയാമ്പതികാഴ്ചകള്‍ - രണ്ടാം ദിവസം.

അവിചാരിതമായ കാരണങ്ങളാല്‍ യാത്രയുടെ ഇടയ്ക്ക് നിന്നുപോയ വണ്ടി ഇതാ വീണ്ടും തള്ളി സ്റ്റാര്‍ട്ടാക്കിയിരിക്കുന്നു.

നമുക്കു മലകയറാം. പോത്തുണ്ടിയില്‍ നിന്നും നമ്മള്‍ 17 കിലോമിറ്റര്‍ താണ്ടി നമ്മള്‍ നെല്ലിയാമ്പതിയിലെത്തി. നമ്മളിപ്പോള്‍ സമുദ്ര നിരപ്പില്‍ നിന്നും 1572 മീറ്റര്‍ ഉയരെയാണ്. പാറി നടക്കുന്ന മഴമേഘങ്ങളുടെ താഴെയും. ഒന്ന് ഫ്രെഷ് ആയിട്ട് നമ്മള്‍ സീതാര്‍കുണ്ടിലേക്ക് പോകുന്നു. കരുണ പ്ലാന്റേഷന്റെ ഉള്ളിലാണ് സീതാര്‍കുണ്ട്. രാമനും സീതയും ലക്ഷണനും വനവാസകാലത്തു താമസിച്ചു എന്നാണ് ഐതീഹ്യം. അയോദ്ധ്യയില്‍ നിന്നും നടതള്ളിയപ്പോള്‍ ഇതുവരെ നടന്നെത്തിയോ എന്നു ചോദിച്ചാല്‍ ഒരുത്തരം ഉണ്ട്; വനവാസക്കാലത്ത് രാവണന്‍ തട്ടിക്കൊണ്ടു പോയത് ലങ്കയിലേക്കാണ്, അയോദ്ധ്യയില്‍ നിന്നും ലങ്കയിലേക്കുള്ള വഴി ഗൂഗിള്‍ എര്‍ത്തില്‍ നോക്കു. അതിന്റെ ഇടയ്കാണ് നെല്ലിയാമ്പതി.

സീതാര്‍കുണ്ടില്‍ നിന്നും നോക്കിയാല്‍ താഴെ പാലക്കാടും നെന്മാറയും കാണാം.

കാഴ്ചക്കാരെ ആനയിക്കാന്‍ നില്‍ക്കുന്ന ഈ ഒറ്റ മരം ഇവിടുത്തെ പ്രത്യേകതയാണ്.



മഞ്ഞുവീഴും മുന്‍പു നമുക്ക് തിരികെ റിസോര്‍ട്ടില്‍ എത്തണം. മഴക്കാലമായതുകൊണ്ട് വളരെ പെട്ടന്നെ കോടമഞ്ഞ് വന്നിറങ്ങും. പിന്നെ മഞ്ഞലൈറ്റില്‍ ആയാലും ഡ്രൈവിങ് എളുപ്പമല്ല.

കോടമഞ്ഞ് വളരെ വേഗം വരും. നമ്മുടെ മുന്നില്‍ എല്ലാം മറയ്ക്കും. പട്ടാപ്പകല്‍ ഇരുട്ടുണ്ടാക്കും. പിന്നെ ഞാന്‍ ഒന്നും ചെയ്തില്ല എന്നപോലെ അപ്രത്യക്ഷമാകും. ഞൊടിയിടയിലെ ഈ പ്രതിഭാസം നമ്മളെ അതിശയിപ്പിക്കും.



രാത്രിയില്‍ നമ്മള്‍ താമസിക്കുന്ന ഐ റ്റി എല്‍ ഹോളീഡാ റിസോര്‍ട്ടുകാര്‍ (ഇവിടെ വേറെ റിസോര്‍ട്ടുകള്‍ ഇല്ല, അല്പം മാറി ഹോം സ്റ്റേയും ബംഗ്ലാവുകളും അപൂര്‍വ്വം റിസോര്‍ട്ടുകളും ഉണ്ടാവും) നമുക്ക് കൂടിയിരുന്നു വര്‍ത്താനം പറയാന്‍, പാട്ടുപാടാന്‍, ആടാന്‍, ചൂടാകാന്‍ ഒക്കെ ക്യാമ്പ് ഫയര്‍ ശരിയാക്കി തരും, അവരുടെ പ്രോപ്പര്‍ട്ടിയില്‍തന്നെ. നമുക്ക് ആടാം പാടാം എല്ലാം മറക്കാം.



തീയുടെ ചൂടാറുമ്പോള്‍ മൂടിപ്പുതച്ച് കിടന്നുറങ്ങാം. പക്ഷെ രാവിലെ തന്നെ ഉണരണം. അതികാലത്ത് സൂര്യനെ നോക്കി നമുക്ക് കാട്ടിനുള്ളിലെ റോഡിലൂടെ നടക്കാം. ഓറഞ്ചു തോട്ടം വഴി പുലയന്‍പാറയിലേക്ക്.

ഗുഡ്‌നൈറ്റ്.

നെല്ലിയാമ്പതി ആദ്യ ഭാഗം ഇവിടെ കാണാം

About Me

My photo
ഒരു ഭാര്യ, രണ്ടുകുട്ടികള്‍, ഒരു മീശ, പിന്നെ കുറേ അഹങ്കാരവും.

Followers

Basic Design : Ourblogtemplates.com

Back to TOP