Related Posts with Thumbnails

Thursday, May 31, 2007

ഇനി മഴപെയ്യുന്ന ഫ്രെയിമുകള്‍ഇടവപ്പാതി തുടങ്ങി ഇവിടെ.
ഇനി ആകാശത്തിനൊപ്പം മനസും മൂടികെട്ടും. വയറില്‍ വിശപ്പുകൂടുകെട്ടും.

ചുവരില്‍ തൂങ്ങിഉറങ്ങിയ പഴയ കുടകള്‍ ഇനി കൈകളിലേക്കിറങ്ങും.
പാന്റിന്റെ താഴെത്തെ അരികുകളില്‍ ചെളിപടരും. ബൂട്ടുകളും ഷൂസുകളും മഴചെരുപ്പുകള്‍ക്ക് വഴി മാറും. വഴിക്ക് നിന്നുപോയ കാറുകളും ഓട്ടോകളും വെള്ളക്കെട്ടില്‍ അനാഥരായി കിടക്കും. പെരുവെള്ളത്തിലേക്കിറങ്ങുന്ന കാലിന്റെ മുട്ടോളം ഉയരുന്ന സാരിക്കു താഴെ പെരുവഴിയിലെ കണ്ണുകള്‍ ആഴ്ന്നിറങ്ങും.

സ്കൂള്‍ വിട്ടു പടികയറിവന്ന ഉണ്ണി നീളത്തില്‍ തുമ്മും. ചാനലില്‍ വിക്സിന്റേയും അമൃതാഞ്ജന്റേയും പരസ്യം കുടപ്പരസ്യങ്ങളുടെ തുള്ളലിനൊപ്പം നില്‍ക്കും. ആസ്ത്‌മയുള്ള നെഞ്ചിന്‍ കൂട്ടിലിരുന്ന് പ്രാവുകള്‍ കുറുകാന്‍ തുടങ്ങും. അപ്പോഴും വരും ആശ്വാസം കാട്ടുന്ന പരസ്യങ്ങള്‍.

മഴ ഒരു അവസ്ഥയാണ്. മഴ ഒരു ജീവിതരീതിയാണ്. അതാണിനി കുറച്ചുനാള്‍ മഴനാട്ടില്‍ ഉള്ള ഞങ്ങള്‍ ഓരോരുത്തരുടേയും രീതി.

Monday, May 21, 2007

മുഖങ്ങള്‍ #03 പാത്ത.'പാത്ത' എന്നായിരുന്നു പണ്ടു മുതല്‍ എല്ലാവരും പാത്തയെ വിളിച്ചിരുന്നത്.

ഞങ്ങളുടെ വീട്ടിലൊക്കെ വരാറുണ്ട് പാത്ത. അധികം ചിരിച്ച് ഞാന്‍ കണ്ടിട്ടില്ല. ചിരിക്കുമ്പോള്‍ തുറന്നു ചിരിക്കും എന്ന വിശ്വാസം ഉറപ്പിക്കുന്ന ചില ചിരികള്‍ പാത്തയുടെ ചുണ്ടില്‍ വിരിഞ്ഞത് ഇപ്പോഴും എന്റെ ഓര്‍മ്മയിലുണ്ട്.

ഒരുമാസം മുന്‍പ് നാട്ടില്‍ പോയപ്പോള്‍ പാത്തയെ കണ്ടു, കുറേ നാളുകള്‍ക്ക് ശേഷം. ക്യാമറ പാത്തയുടെ മുഖത്തിനു നേരേ പിടിച്ചപ്പോള്‍ പക്ഷെ അവിടെ ചിരിവിരിഞ്ഞില്ല. ഒരു നോട്ടം മാത്രം. ഈ പടം പോസ്റ്റ് ചെയ്യാന്‍ എടുത്തപ്പോളാണ് ഞാന്‍ ഓര്‍ത്തത്, പാത്തയുടെ ശരിക്കുള്ള പേര്‍ എന്താണ്?
“ഡാ ഹരീ, പാത്തേരേ ശരിക്കൊള്ള പേര് പാര്‍വതീന്ന് അല്ലീ?” അങ്ങേത്തലയ്ക്കല്‍ അമ്മ അടുത്തുണ്ടായിരുന്ന ഹരിയോട് ചോദിക്കുന്നു.ഹരി പറയുന്നതെനിക്ക് കേള്‍ക്കാം,
“തന്നെ വലിയമ്മാ.. ഓട്ടേശ്‌സ് ലിസ്റ്റില്‍ പാര്‍വതീന്ന് തന്നെ. വോ.”

പാര്‍വതി. അങ്ങനെ ഞാന്‍ ആദ്യമായി പാത്തയുടെ പേര്‍ അറിഞ്ഞു.
വോട്ടേര്‍സ് ലിസ്റ്റിലും റേഷന്‍ കാര്‍ഡിലും മാത്രം സ്വന്തം നാമം ഒളിപ്പിച്ചു വച്ച് ജീവിക്കുന്ന ഒട്ടനവധി പേര്‍ നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ ഉണ്ട്.
അതാണ് നാട്ടിന്‍പുറങ്ങള്‍ക്ക് മാത്രം സ്വന്തമായ ചില സുഖകരമായ മറവികള്‍.

Sunday, May 20, 2007

നിഴലുകള്‍ക്ക് ജീവന്‍ കൊടുത്തവര്‍

ഞാന്‍ ഒരു പടം പോസ്റ്റ് ചെയ്തിരുന്നു. അതിനെ അടിസ്ഥാനപ്പെടുത്തി ഒരു പോസ്റ്റ് എഴുതാന്‍ താല്പര്യമുള്ളവരോടൊക്കെ അഭ്യര്‍ത്ഥിച്ചിരുന്നു, ആ പോസ്റ്റില്‍ തന്നെ.

ഇന്നലെ ചിലര്‍ അവരുടെ പോസ്റ്റുകള്‍ പബ്ലീഷ് ചെയ്തിരുന്നു. ആ ലിസ്റ്റ് താഴെ

1. ദേവന്

2. ഡാലി

3. കുട്ടിച്ചാത്തന്

4. ഇട്ടിമാളൂ

5. മുല്ലപ്പൂ

6. മനു

മറ്റു ചിലരും എഴുതും എന്നു പറഞ്ഞു. ഇതുവരെ കണ്ടില്ല. വരുമായിരിക്കും.
എഴുതിയവര്‍ക്കെല്ലാം നന്ദി. ആളുകുറവായതുകൊണ്ട് സമ്മാനം അഞ്ചുപേര്‍ക്കും എത്തുന്നതാണ്‌.
ഇനി ആര്‍ക്കെങ്കിലും എഴുതാന്‍ തോന്നുന്നെങ്കില്‍ ധൈര്യമായി എഴുതാം.

Thursday, May 10, 2007

എഴുതാനൊരു കാഴ്ച.


നിങ്ങള്‍ക്ക് എഴുതാനൊരു വിഷയമാവട്ടെ ഈ ചിത്രം.


ഈ ചിത്രത്തെ അടിസ്ഥാനപ്പെടുത്തി ഒരു പോസ്റ്റ് എഴുതുക. അതൊരു കുറിപ്പോ കഥയോ കവിതയോ ഒക്കെ ആകാം. സീരിയസ്സ് വിഷയമോ തമാശയോ ആകാം. നിഴലുകള്‍ക്ക് ജീവന്‍ കൊടുക്കുക.
പക്ഷെ ഒരു അടിക്കുറിപ്പായി എഴുതി ചുരുക്കിയതു വേണ്ട.


സൃഷ്ടികള്‍ അയക്കേണ്ട വിലാസം nallapostukal@gmail.com


ഓര്‍ക്കുക, ഇതൊരു മത്സരമല്ല. ഒരു കാഴ്ചയെ ഒരുപാടുപേര്‍ എങ്ങനെ മനസിലിട്ട് വളര്‍ത്തുന്നു എന്ന രസകരമായ ചിന്തയാണ് ഇതിന്റെ പിന്നില്‍.
പങ്കെടുത്ത എല്ലാവരുടേയും പോസ്റ്റുകള്‍ മേയ് ഇരുപതിനു ശേഷമുള്ള ഒരു ദിവസം തന്നെ (കഴിയുമെങ്കില്‍ ഒരു സമയത്തുതന്നെ) അവരവരുടെ ബ്ലോഗുകളില്‍ ഇതേ ചിത്രവുമായി പ്രസിദ്ധീകരിച്ച് നമുക്കൊരു പുതുമ സൃഷ്ടിക്കാം.


അവരവരുടെ പോസ്റ്റില്‍ പബ്ലീഷ് ചെയ്യും മുന്‍പ് എനിക്ക് അയച്ചുതരാന്‍ പറയാന്‍ ഉള്ള കാരണം.
ഈ ചിത്രത്തിന്റെ ഉടമയായ എനിക്ക് ഇഷ്ടപ്പെട്ട പോസ്റ്റിനു ഇത് അനൌണ്‍സ് ചെയ്യുന്ന ദിവസം തന്നെ ഒരു കുഞ്ഞു സമ്മാനം കൊടുക്കണെമെന്നോ മറ്റോ തോന്നിയാല്‍ നേരത്തേ തന്നെ പോസ്റ്റ് ഒക്കെ വായിച്ച് റെഡിയായിരിക്കണമല്ലോ!.


അപ്പോള്‍ ചിത്രം ഒന്നുകൂടി നോക്കുക. സങ്കല്‍പ്പങ്ങള്‍ ചിറകുപരത്തെട്ടെ!


Tuesday, May 08, 2007

ചക്കക്കൂട്ടായ്മ.


ഒരു വലിയ അമ്മച്ചിപ്ലാവിന്റെ തടിയില്‍ കിളുര്‍ത്ത ഒരു ഞെട്ടിലെ പൂക്കള്‍ വിരിഞ്ഞാണ് ഈ കൂട്ടായ്മ ഉണ്ടായത്. കൂട്ടായ്മ കുറച്ചുകാലമേ നിലനില്‍ക്കൂ, കാരണം ഓരോരുത്തരും പല നിലവാരത്തിലും വലിപ്പചെറുപ്പത്തിലും ആയതുകൊണ്ടാവും ഇവര്‍ക്ക് ഒരുമിച്ചു വളരാനാവില്ല.
വളര്‍ച്ചയുടെ നല്ലകാലത്തുതന്നെ ചിലരൊക്കെ വല്യമ്മച്ചിയുടെ കറിക്കത്തിയ്ക്കടിപ്പെട്ട് ‘കറി‘യായി മാറും. ചിലര്‍ അവിടെ നിന്ന് പഴുത്ത് സ്വയം മണത്തുരസിക്കും. അകലെയുള്ള ചില്ലകളില്‍ ഇരുന്നു കാക്കകള്‍, കറുപ്പില്‍ ആണ്ടുകിടക്കുന്ന തങ്ങളുടെ കൊതിയന്‍ കണ്ണുകള്‍ ചരിച്ചു ഇവരെ നോക്കും. പാകമായി എന്ന് ഉറപ്പുവരുമ്പോള്‍ പാഞ്ഞുവന്ന് കൊത്തും. കുറച്ചുകഴിയുമ്പോള്‍ ഈ കൂട്ടായ്മ നിലത്തുവീണു പൊട്ടിചിതറും. ഈച്ചയാര്‍ക്കും. പിന്നെ അത് കാലത്തിന്റെ കടന്നുപോകലിന്റെ പാടുകള്‍ക്കുള്ളില്‍ മറയും.

ഈ കൂട്ടായ്മ ഓര്‍മ്മയാകുമ്പോള്‍ ആ തള്ളത്തടിയില്‍ അടുത്ത മുളപൊട്ടും. ഒരുപാടിടങ്ങളില്‍ ഒറ്റപ്പെട്ട കുഞ്ഞിപൂക്കള്‍ തള്ളത്തടിയോട് ചേര്‍ന്ന് നിന്നു ചിരിക്കും. ചിലതൊക്കെ പുഷ്പിക്കലിന്റെ സന്തോഷത്തില്‍ തന്നെ കരിഞ്ഞുനിലം പറ്റും. ചിലത് ആ അമ്മത്തടിയില്‍ നിന്നും ഒരുപാട് ഊര്‍ജ്ജം വലിച്ചെടുത്ത് വളരും. ചിലത് ഇടയ്ക്ക് വച്ച് വളര്‍ച്ചമുറ്റും. ഒരു കാഴ്ചവസ്തുപോലെ അവിടെ വെറുതേ തൂങ്ങിനില്‍ക്കും.
ചില ശിഖരങ്ങളില്‍ ഇതുപോലെ തന്നെ പുതിയ കൂട്ടായ്മ വിളയും. പരസ്പരം കെട്ടിപ്പിടിച്ച് വളരും. പഴുത്തുവീഴാന്‍ വേണ്ടി.
അങ്ങനെ അങ്ങനെ.. പുതിയത് പഴയതായും പഴയതിന്റെ രുചിക്കും ചീഞ്ഞുനാറ്റത്തിനും മുകളില്‍ പുതിയവ വിളഞ്ഞു എല്ലാം ചേര്‍ന്ന് ഒരു ചക്രം പോലെ കറങ്ങിക്കൊണ്ടിരിക്കും. അത് അനിവാര്യതയാണ്.


പക്ഷെ ഈ അമ്മച്ചിപ്ലാവ് മാത്രം അങ്ങനെ നിലനില്‍ക്കും. കാരണം അതിനു നശിക്കാനാവില്ല. അതിന്റെ വേരുകള്‍ അത്രമാത്രം ആഴങ്ങളിലാണ്.

About Me

My photo
ഒരു ഭാര്യ, രണ്ടുകുട്ടികള്‍, ഒരു മീശ, പിന്നെ കുറേ അഹങ്കാരവും.

Followers

Basic Design : Ourblogtemplates.com

Back to TOP