Related Posts with Thumbnails

Friday, January 26, 2007

കായല്‍കാഴ്ചകള്‍ 02 - ഇനി ഉച്ചവെയിലിലേക്ക്.

കഴിഞ്ഞ പോസ്റ്റില്‍ പുന്നമടയിലെ ഫിനിഷിങ് പോയന്റില്‍ നിന്നും സ്റ്റാര്‍ട്ട് നമ്മുടെ കെട്ടുവള്ളം ഇപ്പോള്‍ കായലിലൂടെ ഒഴുകുകയാണ്. ഇനി ഉച്ചവെയിലിന്റെ ചൂടാണ്.




പക്ഷെ ഈ കാഴ്ച ഒരു ഒറ്റപ്പെടലിന്റെ തണുപ്പാണ് മനസില്‍ പകരുക. ബോട്ടിന്റെ ചെറിയ ശബ്ദം ഒഴിച്ചാല്‍ നിശബ്ദമാണ് ചുറ്റും. ഇടയ്ക്കിടക്ക് ഒരുകരയില്‍ നിന്നും മറുകരയിലേക്ക് പറന്നുപോകുന്ന ഇരണ്ടപക്ഷിയുടെ ഒച്ചകള്‍ ഇടയ്ക്കിടെ നമ്മളെ കടന്നുപോകും. ചിലതൊക്കെ കുറച്ചുനേരം വള്ളത്തിന്റെ അരുകില്‍ വന്നിരിക്കും. കുറച്ചുനേരം നമുക്കൊപ്പം യാത്രചെയ്യും പിന്നെ പറന്നുപോകും. .



ഇത് കായലോരത്തെ ഒരു പതിവുകാഴ്ച. വെള്ളത്തിലേക്ക് ഇറക്കി കെട്ടിയ കടവുകള്‍ അവിടെ അടുത്ത ബോട്ട് കാത്തുകിടക്കുന്ന സാധനസാമഗ്രികള്‍, പിന്നെ കാത്തിരിപ്പിനിടയിലെ കൊച്ചുവര്‍ത്താനവും. കടവിനോട് ചേര്‍ന്ന് ചെങ്കൊടിയും രക്തസക്ഷി മണ്ഡപവും. ലാല്‍‌സലാം!



വെയില്‍ ഉറയ്ക്കുന്നു, സാരഥി ഇനി കുടക്കീഴില്‍. മുന്നോട്ട് ഒരു ഗിയറും പിന്നോട്ട് ഒരു ഗിയറും മാത്രം ഉള്ള ഈ ഡ്രൈവിങ്ങ് ഒരു ബോറുപണി തന്നെ. ഞങ്ങളില്‍ ചിലര്‍ മാറിമാറി ഇതിന്റെ വളയം പിടിച്ചുനോക്കി. (പക്ഷെ ഇത് കരയില്‍ മറ്റു വള്ളങ്ങളുടെ ഇടയില്‍ പാര്‍ക്ക് ചെയ്യുന്ന പരിപാടി അല്‍പ്പം ബുദ്ധിമുട്ടുതന്നെ എന്നു സമ്മതിക്കണം)



കൂട്ടം കൂടി വിശേഷം പറഞ്ഞിരിക്കുന്ന ‘ഇരണ്ട‘ പക്ഷികള്‍. തെങ്ങോല വെളുത്തിരിക്കുന്നത് വെയിലേറ്റല്ല. ഇവറ്റകളുടെ പബ്ലിക് കംഫര്‍ട്ട് സ്റ്റേഷനാണിവിടം, ഈ നിരമുഴുവന്‍.



സ്വദേശിയും വിദേശിയും ഇടകലരുമ്പോള്‍! കെട്ടുവള്ളത്തില്‍ കള്ളിനൊപ്പം വിദേശികളും നുരഞ്ഞുതുടങ്ങി.



നമ്മള്‍ ഇപ്പോള്‍ കൈനകരിയില്‍. ഇവിടെ നമ്മുടെ യാത്രമുറിയുന്നു. അല്പം വിശ്രമം, കരയുടെ കാറ്റും. ഇവിടെ ഇറങ്ങാം. ഇവിടെ നല്ല മീന്‍ വിഭവങ്ങളും കപ്പയും ചോറും കിട്ടുന്ന ഒരു കള്ളില്ലാത്ത ‘ഷാപ്പു‘ണ്ട്.



അടുത്ത കാഴ്ച അതിന്റെ അടുക്കളയില്‍ തന്നെ ആകട്ടെ! (തുടരും)

Wednesday, January 24, 2007

കായല്‍ക്കാഴ്ചകള്‍ - 01

ഫിനിഷിങ് പോയന്റില്‍ തുടങ്ങുന്ന സ്റ്റാര്‍ട്ടിങ്


ആലപ്പുഴ ടൌണിനോട് ചേര്‍ന്നുള്ള ഫിനിഷിങ് പോയിന്റില്‍ നിന്നാണ് ഹൌസ് ബോട്ടുകള്‍ അധികവും യാത്ര തുടങ്ങുക. തമ്പാനൂര്‍ സ്റ്റാന്റില്‍ ബസ് അടുക്കിനിര്‍ത്തിയിരിക്കുന്നിടത്ത് ഇതിനേകാളും ഗ്യാപ്പ് ഉണ്ടാകും. 600 നും 700 നും ഇടയില്‍ ഹൌസ് ബോട്ട് ഉണ്ടെന്നാണ് കേട്ട് കേള്‍വി. പലപ്രമുഖ കമ്പനികളും ദിലിപ്, ജയറാം തുടങ്ങി ഒട്ടനവധി സിനിമാക്കാരും ഇതുപോലെ കൊട്ടാരങ്ങള്‍ നീറ്റിലിറക്കിയിട്ടുണ്ട്.


അഡ്‌വര്‍ടൈസിങ്ങിന്റെ ബഹളങ്ങളില്‍ നിന്നും ഒരുപകലിന്റെ ബ്രേക്കിനു ഞങ്ങളും എടുത്തു ഒരു ഇടത്തരം വാടക ബോട്ട്. ഒരു മീഡിയം ടൈപ്. എങ്കിലും അതില്‍ രണ്ട് എയര്‍ക്കണ്ടീഷണ്ട് ബെഡ്-റൂമുകളും (അറ്റാച്ച്‌ഡ്) ഒരു ഡൈനിങ് കം സിറ്റിങ് ഏരിയയും അതിലുണ്ട്. വീടുകളിലെ പോലെ വിലയേറിയ ഡൈനിങ് ടേബിളും, സോഫസെറ്റും അതിലുണ്ട്. പിന്നിലായി കിച്ചണും. സീസണില്‍ ഈ മീഡിയം ബോട്ടിന്റെ വാടക 24 മണിക്കൂര്‍ 13,000 മുതല്‍ 15,000 വരെ ആണ്. ഭക്ഷണം അടക്കം. ഓഫ് സീസണില്‍ പകുതിവിലയ്ക്കും കിട്ടും (രാത്രിയില്‍ ഏതെങ്കിലും വട്ടകായലില്‍ ബോട്ട് ഒഴുകാതെ കിടക്കും.)


ആലപ്പുഴയില്‍ നിന്നും കൈനകരിയില്‍ എത്തി വലത്തോട്ട് തിരിഞ്ഞ് കുമരകം, അവിടുന്നു തിരികെയും. അതായിരുന്നു ഞങ്ങളുടെ യാത്ര. ഇടത്തോട്ടാണ് തിരികുകയെങ്കില്‍ ഏകദേശം 5 കിലോമീറ്ററോളം പോകുമ്പോള്‍ പാതിരാമണല്‍.


ഈ യാത്രക്കിടയില്‍ കണ്ട കാഴ്ചകളും നിമിഷങ്ങളും പങ്കുവയ്ക്കുകയാണ് ഞാന്‍ ഒരു സീരീസിലൂടെ. ചിലതൊക്കെ കണ്ടിട്ട് കൊതിയും നഷ്ടബോധവും ആക്രാന്തവും തോന്നുന്നവര്‍ വെള്ളമിറക്കി കാത്തിരിക്കുക. കായലുകള്‍ അവിടെ തന്നെ ഉണ്ട്. കരിമീന്‍ അതിന്റെ അടിയിലുണ്ട്. കരയില്‍ കള്ളുഷാപ്പുകളും.



പാര്‍ക്ക് ചെയ്തിരിക്കുന്ന കെട്ടുവള്ളങ്ങളുടെ ഒരു ചെറിയ നിര.



അപ്പോള്‍ നമ്മുടെ വണ്ടിയും പോട്ട്.



ഫിനിഷിങ്ങ് പോയിന്റില്‍ നിന്നും സ്റ്റാര്‍ട്ടിങ് പോയിന്റിലൂടെ തുറസ്സായ വേമ്പനാട് കായലിലേക്ക് കയറുന്ന ജലപാത. ഇതാണ് പുന്നമട.ജലപാതയിലെ ട്രാഫിക് കണ്ടാല്‍ കലൂര്‍ - ലിസി റോഡ് പോലും തോറ്റുപോകും.



ഇരുവശവും കായല്‍ക്കരയിലെ പതിവുജീവിതം. ഇവരുടെ ഒക്കെ ജീവിതത്തിന്റെ ഓരത്തുകൂടി ഇതൊഴുകുന്നു.



കരയില്‍ നിന്നും (ആലപ്പുഴയില്‍ തന്നെ ഉള്ള ഒരു സഹപ്രവര്‍ത്തകന്‍ സ്വന്തം പുരറ്റിടത്തിലെ തെങ്ങില്‍ നിന്നും) ഒപ്പിച്ചുകൊണ്ടുവന്ന നല്ല സൊയമ്പന്‍ തെങ്ങിന്‍ കള്ള്.



ഇതു കായല്‍ അരികത്തെ ഒരു സ്ഥിരം കാഴ്ച. ഒരു പിടിമണലുകൂടി ഇട്ടാല്‍ അതിപ്പോള്‍ മുങ്ങും എന്നുതോന്നും.



യാത്ര തുടരും..

About Me

My photo
ഒരു ഭാര്യ, രണ്ടുകുട്ടികള്‍, ഒരു മീശ, പിന്നെ കുറേ അഹങ്കാരവും.

Followers

Basic Design : Ourblogtemplates.com

Back to TOP